ശ്വാസ തടസം നേരിട്ട നവജാത ശിശുവിനെ കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ എത്തിച്ചു; ഡോക്ടര്‍ക്ക് കയ്യടി

ലക്‌നൗ: ശ്വാസ തടസം നേരിട്ട നവജാത ശിശുവിനെ കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ എത്തിച്ച ഡോക്ടര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ കയ്യടി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ റൂമയാണ് കുഞ്ഞുജിവനെ രക്ഷിച്ചതിലൂടെ കയ്യടി നേടിയത്. പ്രസവശേഷം ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ നവജാതശിശുവിന് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്ന ഡോക്ടറുടെ വീഡിയോ പകര്‍ത്തി സഹപ്രവര്‍ത്തകരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി.

ദാദന്‍പൂര്‍ സ്വദേശിയായ ആയിഷയുടെ കുഞ്ഞിനെയാണ് ഡോക്ടര്‍ രക്ഷിച്ചത്. സാധാരണ പ്രസമായിരുന്നെങ്കിലും കുഞ്ഞ് കരയുകയോ ശ്വസിക്കുകയോ ചെയ്യാതിരുന്നത് ഡോക്ടര്‍മാരെ ആശങ്കയിലാക്കി. ഇതോടെയാണ് കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛ്വസം നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.

വീഡിയോയില്‍ അനക്കമറ്റ നവജാത ശിശുവിന്റെ മുഖത്ത് ഒരു വെള്ളത്തുണി വിരച്ച ശേഷം വായില്‍ നിന്നും വായിലേക്ക് ഡോ. റൂമ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നത് കാണാം. നിരവധി തവണ ഇത്തരത്തില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയെങ്കിലും കുട്ടിക്ക് അനക്കമൊന്നുമുണ്ടായിരുന്നില്ല. ഇതോടെ നെഞ്ചത്ത് അമര്‍ത്തിയും പുറത്ത് തട്ടിയും കുട്ടിയെ ഉണര്‍ത്താനുള്ള തീവ്രശ്രമം ഡോക്ടര്‍മാര്‍ തുടര്‍ന്നു. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടി കരഞ്ഞു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് ആശ്വാസമാവുകയും ചെയ്തു.

‘വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു, കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവിടെ എത്തുമ്പോഴേക്കും സമയം വൈകുമായിരുന്നു. അതുകൊണ്ട് അവിടെ തന്നെ പരമാവധി ശ്രമിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു,’ -ഡോ. റൂമ പറഞ്ഞു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

God bless both of them 🙏

RELATED NEWS
Scroll to top

You cannot copy content of this page