തിരുവനന്തപുരം: ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഇന്‍ഡിപെന്‍ഡന്‍സ് ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്’ ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചെര്‍ക്കള നൂണ്‍ അറീനയില്‍ നടക്കും. ബ്ലോക്ക് പരിധിയിലെ 16-ഓളം ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുക, കായികബോധം ഉണര്‍ത്തി പുത്തന്‍ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കൂട്ടായ്മയും ആരോഗ്യകരമായ കായിക സംസ്‌കാരവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എം.എല്‍.എ കല്ലട്ര മാഹിന് നല്‍കി പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡന്റ് ഉഷ അര്‍ജുന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഷറഫ് കര്‍ള, മറിയാ മാഹിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ സാദത്ത്, സി. വി. ജെയിംസ്, അഡ്വ. നാസിഫ ജലീല്‍, സോയാ ലത്തീഫ്, സക്കീന അബ്ദുള്ള ഹാജി, അസ്മിന ഹബീബ് എന്നിവരും, മാഹിന്‍ കേളോട്ട്, അഷറഫ് എടനീര്‍, മജീദ് ചെമ്പരിക്കെ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.







