അടുത്ത വര്‍ഷം മുതല്‍ നീറ്റ് യുജി പരീക്ഷ ഓണ്‍ലൈനായി നടത്തും; മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ നീറ്റ് യുജി പരീക്ഷ ഓണ്‍ലൈനായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള ക്രമക്കേടുകള്‍ തടയുന്നതിനായാണ് പുതിയ സംവിധാനമെന്നും മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് അഞ്ച് കാര്യങ്ങളാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്.
പരീക്ഷാ ഓണ്‍ലൈനായി നടത്തുമെന്നറിയിച്ച മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.ടി.എ പരീക്ഷാ ഫീസ് തിരികെ നല്‍കുമെന്നും പുനഃപരീക്ഷയ്ക്ക് അധിക ചാര്‍ജുകള്‍ ഈടാക്കില്ലെന്നും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് 15 മിനിറ്റ് അധിക സമയം ലഭിക്കും, നീറ്റ് പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ 14 ന് പ്രസിദ്ധീകരിക്കും. നീറ്റ്-യുജി 2026 പരീക്ഷ ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ച് വൈകുന്നേരം 5:15 ന് അവസാനിക്കും എന്നും മന്ത്രി പറഞ്ഞു.

പരീക്ഷാക്രമക്കേടുകള്‍ക്ക് യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ല, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ പരീക്ഷകള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ പരീക്ഷ തീയതി പ്രഖ്യാപിച്ച വിവരവും അദ്ദേഹം പങ്കുവച്ചു.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്നും സീറോ ടോളറന്‍സ് തുടരുമെന്നും മന്ത്രി ആവര്‍ത്തിച്ചു.

പരീക്ഷാ സംവിധാനത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എക്സാം മാഫിയകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തെറ്റിദ്ധാരണ പരത്തുകയും പരീക്ഷയെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page