രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂരത; നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂരത. നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവതിയെ ഡ്രൈവറും കണ്ടക്ടറും കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ലീപ്പര്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഡല്‍ഹിയിലെ റാണി ബാഗ് മേഖലയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പിതാംപുര സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വിവാഹിതയും രണ്ടുകുട്ടികളുടെ മാതാവുമാണ്. മംഗോള്‍പുരിയില്‍ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബലംപ്രയോഗിച്ചു ബസില്‍ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.

സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ സമീപത്തെത്തിയ ജീവനക്കാരന്‍, യുവതിയെ ബലമായി ബസിലേക്ക് കയറ്റുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന്, നംഗ്ലോയ് ഭാഗത്തേക്ക് ബസ് കൊണ്ടുപോകുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

പരാതിക്ക് പിന്നാലെ യുവതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുകയും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം വലിയ നാണക്കേടാണെന്നും നിര്‍ഭയ ആവര്‍ത്തിച്ചിരിക്കുകയാണെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വജ് പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page