കാസർകോട്: കാലവർഷം അരികിലെത്തി നിൽക്കെ മഴക്കാലപൂർവ്വ ശുചീകരണത്തിൽ നിന്നു തദ്ദേശ സ്ഥാപനങ്ങൾ മുഖം തിരിക്കുന്നതായി ആക്ഷേപമുയരുന്നു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷനിൽ തുടക്കം കുറിച്ചുവെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇക്കാ ര്യത്തിൽ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നു ജനങ്ങൾ ആശങ്കപ്പെടുന്നു. അതേസമയം
വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ വലിച്ചെറിയൽ സമ്പ്രദായം നോക്കി നിന്നു പഞ്ചായത്തുകൾ രസിക്കുകയാണെന്നും ആക്ഷേപമുണ്ട്. മഞ്ചേശ്വരം മുതലുള്ള ദേശീയപാതയോരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഓടകളിലും, കലുങ്കുകളിലും കെട്ടിക്കിടക്കുന്നത് മഴക്കാലത്ത് മഴവെള്ളം കെട്ടിനിൽക്കുന്നതിനും,വലിയ ദുരിതത്തിനും, ദുരന്തത്തിനും കാരണമാകുമെന്നു ആശങ്ക ഉയർന്നിട്ടുണ്ട്.
നാടും,നഗരവും മാലിന്യമുക്തമാക്കുന്നതിനു ഹരിത കർമ്മ സേനാംഗങ്ങൾ ഏറെ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ വ്യാപാരികളും, സ്ഥാപനങ്ങളും, വീടുകളും ഇപ്പോഴുംഅതുമായി പൊരുത്തപ്പെട്ടിട്ടില്ല. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിലാണ് അക്കൂട്ടർക്കു താൽപര്യമെന്നും സംസാരമുണ്ട്. എൻഫോഴ്സ്മെന്റ് സ്‌ക്വാഡും,ആരോഗ്യ വകുപ്പ് അധികൃതരും ഇത്തരക്കാരിൽ നിന്ന് വൻതുക പിഴയായി പിരിച്ചെടുക്കുന്നതു നല്ലൊരു വരുമാന മാർഗമായി പഞ്ചായത്തുകളും കരുതുന്നു. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതു പകർച്ചവ്യാധിക്ക് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
മഴക്കാലത്തിന് മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ പാളിയാൽ പകർച്ചപ്പനിയും, ചിക്കൻഗുനിയയും, കോളറയും, എലിപ്പനിയും, ഡെങ്കിപ്പനിയും ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുമെന്നും ഭീതിയുണ്ട്. മുൻകാല അനുഭവങ്ങൾ ഇത്തരം ഭയപ്പാടിനു ഇടയാക്കുന്നു. ഇതു തടയുന്നതിനു കൊതുകുകളുടെ ഉറവിടനശീകരണം, ജലാശയങ്ങൾ വൃത്തിയാക്കൽ, ഓടകളിലെ മണ്ണ് നീക്കൽ, പരിസരശുചീകരണം എന്നിവ യുദ്ധ കാലാടിസ്ഥാനത്തിൽ നടപ്പാക്കിയേ തിരൂ.







