ജനനേന്ദ്രിയത്തില്‍ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി; യുവാവിന് രക്ഷകരായി അഗ്‌നിരക്ഷാ സേന

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 45-കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ മെറ്റല്‍ സ്പാനറും ഇരുമ്പ് വളയവും അഗ്‌നിരക്ഷാസേന മുറിച്ചുമാറ്റി. പള്ളിപ്പുറം സ്വദേശിയായ 45കാരനാണ് വടക്കാഞ്ചേരി അഗ്‌നിരക്ഷാ സേനയുടെ ഇടപെടലിലൂടെ രക്ഷപ്പെട്ടത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരം സ്ഥലത്തെത്തിയ വടക്കാഞ്ചേരി അഗ്നിശമന സേനാംഗങ്ങള്‍ ഡോക്ടര്‍മാരുമായി സഹകരിച്ച് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്പാനര്‍ മുറിച്ചുമാറ്റിയത്.

ബുധനാഴ്ച രാത്രിയാണ് പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 22 സൈസ് മെറ്റല്‍ സ്പാനറും ഒരു ഇരുമ്പ് വളയവും ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇതുമൂലം മൂത്രം പോകാത്ത അവസ്ഥയിലായിരുന്ന യുവാവ് കടുത്ത വേദനയിലൂടെ കടന്നുപോകുകയായിരുന്നു.

ഡോക്ടര്‍മാര്‍ക്ക് മാത്രം നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. അതീവ ജാഗ്രതയോടെ ഇലക്ട്രിക് കട്ടര്‍, ബോള്‍ട്ട് കട്ടര്‍ എന്നിവ ഉപയോഗിച്ച് വെള്ളമൊഴിച്ച് തണുപ്പിച്ചാണ് സേനാംഗങ്ങള്‍ ലോഹഭാഗങ്ങള്‍ മുറിച്ചുമാറ്റിയത്. ലോഹഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ ഡോക്ടര്‍മാര്‍ക്ക് കൈമാറി.

വടക്കാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. നിതീഷ്, സീനിയര്‍ ഓഫീസര്‍ ഷിന്റു, ഓഫീസര്‍മാരായ കെ.എന്‍. മുരളീധരന്‍, ഷിബു, അഭിജിത്ത്, അഖില്‍ അജിത്ത്, അക്ഷയ് പുരുഷ്, സിവില്‍ ഡിഫന്‍സ് അംഗം രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page