ഒമാന്‍ തീരത്ത് ഡ്രോണ്‍ ആക്രമണം; ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി; ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌ക്കറ്റ്: ഒമാന്‍ തീരത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഈ സംഭവം മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 3:30 ഓടെ ഒമാന്റെ വടക്കന്‍ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു അപകടം. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റര്‍ ചെയ്തതാണ് അപകടത്തില്‍പെട്ട കപ്പല്‍. സോമാലിയയില്‍ നിന്ന് ഷാര്‍ജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഹാജി അലി. യാത്രയ്ക്കിടെ അജ്ഞാത സ്‌ഫോടകവസ്തു കപ്പലില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കുമെന്നാണ് സംശയം.

ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് കപ്പല്‍ കടലില്‍ മുങ്ങുകയുമായിരുന്നു. അപകടസമയത്ത് കപ്പലിലുണ്ടായിരുന്ന 14 അംഗ സംഘം ഉടന്‍ തന്നെ അപായ സൂചന നല്‍കി, ഇവര്‍ ലൈഫ് ബോട്ടുകളിലേക്ക് മാറുകയായിരുന്നു. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ജീവനക്കാരെ സുരക്ഷിതമായി ദീബ തുറമുഖത്ത് എത്തിച്ചു. കപ്പല്‍ ഉടമ സുല്‍ത്താന്‍ അഹമ്മദ് സംഗര്‍, നാവികര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു. കപ്പലില്‍ ആക്രമണം നടത്തിയത് ആരാണെന്ന കാര്യം വ്യക്തമല്ല.

സംഭവത്തെ അപലപ്പിച്ച ഇന്ത്യ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും നിരപരാധികളായ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതോ നാവിഗേഷന്‍ സ്വാതന്ത്ര്യത്തെയും സമുദ്ര വ്യാപാരത്തെയും തടസ്സപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും സിവിലിയന്‍ ഷിപ്പിംഗിനെ ലക്ഷ്യം വയ്ക്കരുതെന്നും ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഒമാനി അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്. ഇന്ത്യന്‍ കപ്പലിന് നേരെയുള്ള രണ്ടാമത്തെ ആക്രമണാണ് ഇത്. നേരത്തെ, സലയയില്‍ നിന്നുള്ള അല്‍ ഫൈസ് നൂര്‍ സുലൈമാനി-1 കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page