വിവാഹ ചടങ്ങിന് വരന്‍ നല്‍കിയ സാരി ഇഷ്ടപ്പെട്ടില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

ലക്‌നൗ: വിവാഹ ചടങ്ങിന് വരന്‍ നല്‍കിയ സാരി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ദലന്‍ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകള്‍ നികിയും മഹാദന്‍പൂര്‍ സ്വദേശി പവന്‍ ഗോണ്ടിന്റെ മകന്‍ വിശാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. ഉത്തര്‍പ്രദേശിലെ രേവതി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് 11 നാണ് സംഭവം.

ഗെയ്ഘട്ട് ഗ്രാമത്തിലെ പഞ്ച്രുഖി ദേവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടക്കാനിരുന്നത്. ചടങ്ങിനിടെ വധുവിന് വരന്റെ ബന്ധുക്കള്‍ സാരി നല്‍കി. എന്നാല്‍ സാരി വധുവിന് ഇഷ്ടപ്പെട്ടില്ല. ഈ സാരി ഉടുത്ത് വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് വധു വാശിപിടിച്ചു. ഇതോടെ വിവാഹ വേദിയില്‍ തര്‍ക്കമായി. പിന്നാലെ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വധുവിന്റെ സഹോദരന്‍ ജീത് നാഥ് ഗോണ്ട്, അമ്മ ഉംറാവതി ദേവി, അവരുടെ കൂട്ടുകാരി ലക്ഷ്മി ദേവി എന്നിവര്‍ക്ക് പരിക്കേറ്റു. പിന്നാലെ വരനും സംഘവും മടങ്ങിപ്പോയി.
സംഭവത്തില്‍ വധുവിന്റെ പിതാവ് അജയ് ഗോണ്ട് നല്‍കിയ പരാതിയില്‍ വരന്‍ വിശാല്‍, ബന്ധുക്കളായ പവന്‍, മനോജ്, ഹരേറാം എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഫാഹിം ഖുറേഷി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page