എന്‍. രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍.രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച രാവിലെ ലോക് നിവാസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രംഗസ്വാമിക്കൊപ്പം ബിജെപി എംഎല്‍എ എ. നമശ്വായം, എ.ഐ.എന്‍.ആര്‍.സി എം.എല്‍.എ മല്ലാഡി കൃഷ്ണ റാവു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ. കൈലാസനാഥന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

അഞ്ചാം തവണയാണ് രംഗസ്വാമി മുഖ്യമന്ത്രി പദവിയിലെത്തുന്നത്. ഇത് റെക്കോര്‍ഡാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് അദ്ദേഹം എന്‍ഡിഎ സര്‍ക്കാരിനെ നയിക്കുന്നത്. പുതുച്ചേരി നിയമസഭയില്‍ രംഗസ്വാമിയുടെ ഓള്‍ ഇന്ത്യ എന്‍.ആര്‍ കോണ്‍ഗ്രസിന് 12 എം.എല്‍.എമാരാണുള്ളത്. ബിജെപിക്ക് നാല് എം.എല്‍.എമാരുണ്ട്. എ.ഐ.എ.ഡി.എം.കെ, ലച്ചിയ ജനനായക കച്ചി എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമുണ്ട്. മന്ത്രിസഭയിലേക്ക് മൂന്നംഗങ്ങളെ പിന്നീട് ഉള്‍പ്പെടുത്തും.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നതിന് മുമ്പ്, രംഗസ്വാമിയെ മുഖ്യമന്ത്രിയായും നമശ്വായം, മല്ലാഡി കൃഷ്ണ റാവു എന്നിവരെ മന്ത്രിമാരായും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിന്റെ വിജ്ഞാപനം ചീഫ് സെക്രട്ടറി വായിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലഫ്റ്റനന്റ് ഗവര്‍ണറും ചീഫ് സെക്രട്ടറി ശരത് ചൗഹാനും ആദരിച്ചു.

ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍, ദേശീയ സെക്രട്ടറി ബി.എല്‍ സന്തോഷ്, ബിജെപി പുതുച്ചേരി ഇന്‍ചാര്‍ജ് നിര്‍മ്മല്‍ കുമാര്‍ സുരാന, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.പി രാമലിംഗം, മുന്‍ എം.എല്‍.എമാരായ ഡി.എം.കെ കണ്‍വീനര്‍ ആര്‍.ശിവ, മുന്‍ സ്പീക്കര്‍ ആര്‍.സെല്‍വം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page