ഖാര്‍ഗെ – രാഹുല്‍ നിര്‍ണായക കൂടിക്കാഴ്ച 5.30 ന്; മുഖ്യമന്ത്രിയെ കാത്ത് കേരളം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ നേതൃത്വം. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന തമിഴ് നാട്, പുതുച്ചേരി, ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

അതിനിടെ ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വൈകിട്ട് 5.30 ന് അവസാനവട്ട ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

പലയിടത്തും ജനങ്ങള്‍ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികള്‍ അടക്കം സഹികെട്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.

അതേസമയം, വി.ഡി സതീശന്‍ തന്നെ മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. എം.എല്‍.എമാരുടേയും എംപിമാരുടേയും പിന്തുണ കെ.സി വേണുഗോപാലിനാണ്. അതുകൊണ്ട് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ എന്ത് ചെയ്യണം എന്നതില്‍ തീരുമാനമായിട്ടില്ലെന്ന് നേതൃത്വം പറഞ്ഞു. കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം എന്താണോ അത് അംഗീകരിക്കേണ്ടി വരുമെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രഖ്യാപനം വൈകുന്നതിനെതിരെ ആര്‍.എസ്.പിയും രംഗത്തെത്തി. നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട്, നല്ല നാടന്‍ ഭാഷയില്‍ മറുപടി പറയുന്നില്ലെന്നാണ് ഷിബു ബേബി ജോണ്‍ ഇതിനോട് പ്രതികരിച്ചത്. ഏതായാലും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരള ജനത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page