മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇന്നും തീരുമാനമായില്ല; സമയമെടുക്കുമെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല. സമയമെടുക്കുമെന്നും നാളെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എ.ഐ.സി.സി വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്‍ഗെയുടെ വീടിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അരമണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ലെന്നാണ് സൂചന. വിഷയത്തില്‍ ആന്റണിയുടെ നിലപാട് തേടി തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. കൊടിക്കുന്നില്‍ സുരേഷിനെയും ഹൈക്കമാന്‍ഡ് ഫോണില്‍ വിളിച്ചു. കൊടിക്കുന്നില്‍ വി.ഡി. സതീശനെ പിന്തുണച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിക്കുമെന്നാണ് അറിയുന്നത്. രാവിലെ 11 മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എം.എല്‍.എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എം.എല്‍.എമാരുടെ സൗകര്യം കണക്കിലെടുത്താകും അന്തിമ തീരുമാനം. വടക്കന്‍ ജില്ലകളില്‍ നിന്ന് നേതാക്കള്‍ക്ക് രാവിലെ തിരുവനന്തപുരത്ത് എത്തേണ്ടതിന്റെ ബുദ്ധിമുട്ട് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന് ഉറ്റുനോക്കുകയാണ് കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ താമസിക്കുന്നതിലാണ് പ്രതിഷേധം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page