വരന്‍ മുങ്ങി; കല്യാണം മുടങ്ങി

കാസര്‍കോട്: വരന്‍ മുങ്ങിയതിനെ തുടര്‍ന്ന് കല്യാണം മുടങ്ങി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടക്കേണ്ടിയിരുന്ന കല്യാണമാണ് മുടങ്ങിയത്. 24കാരനും 25 കാരിയും തമ്മിലുള്ള വിവാഹമാണ് മെയ് 10ന് ബളാലിനു സമീപത്തെ ഒരു ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ മുഹൂര്‍ത്തത്തിനുള്ള സമയമായിട്ടും വരനും സംഘവും എത്തിയില്ല. ഇത് ആശങ്കയ്ക്ക് ഇടയാക്കി. വരനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ആശങ്ക ഇരട്ടിച്ചു. ഇതിനിടയില്‍ വരന്റെ സഹോദരിയും ഒരു ബന്ധുവും ക്ഷേത്രത്തില്‍ എത്തി വരനെ കാണുന്നില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫാണെന്നും അറിയിച്ചു. തുടര്‍ന്ന് നിശ്ചയിച്ച കല്യാണം മാറ്റി വച്ച് എല്ലാവരും മടങ്ങുകയായിരുന്നു. സംഭവം സംബന്ധിച്ച് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം പ്രതിശ്രുത വധുവും വരനും നേരത്തെ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. കാമുകിയുടെ വീട്ടുകാര്‍ വിവാഹത്തിനു തയ്യാറായിരുന്നുവെങ്കിലും കാമുകന്റെ വീട്ടുകാര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ലത്രെ. ഇതു വകവയ്ക്കാതെയാണ് ഇരുവരുടെയും കല്യാണം നിശ്ചയിച്ച് മെയ് 10ന് ക്ഷേത്രത്തില്‍ നടത്താന്‍ തീരുമാനിച്ചതത്രെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page