സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 10,200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 10,200 രൂപയുടെ വര്‍ധനവ്. ഗ്രാമിന് 1200 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയാണ് വില. സ്വര്‍ണവില വര്‍ധനവ് സാധാരണക്കാരെയും സ്വര്‍ണ വ്യാപാരികളേയും പ്രതിസന്ധിയിലാക്കി.

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറില്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മെയ് 13 മുതല്‍ പുതിയ തീരുമാനം നിലവില്‍ വന്നു. 2024ല്‍ ഇറക്കുമതി നികുതി 15 ശതമാനമായിരുന്നു. പിന്നീട് ആറ് ശതമാനമാക്കി കുറച്ചു. ഇതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യം പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.

ഇറക്കുമതി നികുതി കൂട്ടുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില വര്‍ധിക്കും. ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി ഇനത്തില്‍ വലിയ തുക ഖജനാവിലേക്ക് എത്തും. ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ചെലവ് കൂടുകയാണ് ചെയ്യുക. ഈ വേളയില്‍ അവര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ നിന്ന് പിന്തിരിയും. ഇന്ത്യയുടെ കരുതല്‍ ധനം വിദേശത്തേക്ക് ഒഴുകുന്നത് കുറയ്ക്കാന്‍ ഇത് വഴി സാധിക്കും.

എന്നാല്‍ സ്വര്‍ണവില ഒമ്പത് ശതമാനം കൂട്ടേണ്ടി വരുമെന്നാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഉപഭോക്താക്കള്‍ സ്വര്‍ണവും സ്വര്‍ണാഭരണവും വാങ്ങുന്നത് കുറയ്ക്കും. ഇത് ജ്വല്ലറി മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ലക്ഷക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന മേഖല തകര്‍ക്കരുത് എന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണം എന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് ഇറക്കുമതി നികുതി ഇരട്ടിയില്‍ അധികം വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വാങ്ങുന്നത് നിര്‍ത്തിവെക്കുന്നതിന് പകരം ആഭ്യന്തരമായുള്ള സ്വര്‍ണം ക്രിയാത്മകമായി ഉപയോഗിക്കുകയാണ് വേണ്ടത് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കൂട്ടിയാല്‍ കള്ളക്കടത്ത് വര്‍ധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page