പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെയും വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി അഞ്ചാംക്ലാസുകാരന്‍

മലപ്പുറം: പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെയും വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി അഞ്ചാംക്ലാസുകാരന്‍. മലപ്പുറം പുന്നപ്പുഴയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു എട്ടുവയസ്സുകാരനായ ഷെബിന്‍ ഷാനും വല്യുപ്പ അബൂബക്കറും. നീന്തിക്കുളിക്കുന്നതിനിടെ ഷെബിന്‍ ഷാന്‍ അപ്രതീക്ഷിതമായി പുഴയിലെ കയത്തില്‍ അകപ്പെടുകയായിരുന്നു.

ഷെബിന്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ച വല്യുപ്പ അബൂബക്കറും ചുഴിയില്‍പ്പെട്ടു. ഇതോടെ അവിടെയുണ്ടായിരുന്ന അഞ്ചാംക്ലാസുകാരന്‍ അമല്‍ ഷാന്‍(11) പുഴയിലേക്ക് ചാടുകയായിരുന്നു. ഷെബിനെ അതിസാഹസികമായി കരയിലേക്ക് എത്തിച്ചു. പിന്നാലെ വല്യുപ്പയെയും രക്ഷിച്ചു. കരയിലെത്തിച്ച ശേഷം ഷെബിന് അമല്‍ സി.പി.ആര്‍ നല്‍കി.

വഴിക്കടവ് സ്വദേശിയാണ് അമല്‍ ഷാന്‍. അപകടസമയത്ത് പരിഭ്രമിക്കാതെ സുഹൃത്തിന് പ്രഥമശുശ്രൂഷ നല്‍കിയ അമലിന്റെ പ്രവര്‍ത്തിയെ നിരവധി പേരാണ് അഭിനന്ദിച്ചത്. അഞ്ചാം ക്ലാസിലെ പാഠഭാഗത്ത് നിന്ന് പഠിച്ച പ്രഥമശുശ്രൂഷാ രീതികളാണ് തനിക്ക് തുണയായതെന്ന് അമല്‍ ഷാന്‍ പറഞ്ഞു. ജലസേചനത്തിനായി പമ്പ് ഹൗസ് സ്ഥാപിച്ച ഈ ഭാഗത്ത് രണ്ടാള്‍ താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. പുന്നപ്പുഴയുടെ ആഴങ്ങളില്‍ നിന്ന് രണ്ട് ജീവന്‍ രക്ഷിച്ച അമലിനെ അഭിനന്ദിക്കാന്‍ മത്സരിക്കുകയാണ് പ്രദേശവാസികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page