തിരുവനന്തപുരം: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും കുടുംബത്തേയും മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ മുഖ്യപ്രതിയും കൂട്ടാളികളും അറസ്റ്റിലായി. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പില്‍ വീട്ടില്‍ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ് (ടാപ്പര്‍ ഉണ്ണി, 34), വിളപ്പില്‍ശാല സ്വദേശി ശങ്കര്‍. എസ് (കണ്ണന്‍, 44) എന്നിവരാണ് പിടിയിലായത്.
ഭാര്യയുമായി അനന്തുവിന് തര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. പിന്നാലെ ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കൈയില്‍ കരുതിയിരുന്ന കത്തി, ബിയര്‍ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ അനന്തുവിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നല്‍കിയതിനാണ് അനുവിനെയും ശങ്കറിനെയും പൊലീസ് പിടികൂടിയത്. മുഖ്യപ്രതിയായ അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളില്‍ എട്ടോളം ആക്രമണ കേസുകള്‍ നിലവിലുണ്ട്. മറ്റുള്ളവരും മുന്‍ റൗഡി ലിസ്റ്റിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.







