കൊല്ലം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാതാവിന് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു. കൊല്ലം നിലമേലില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹല്‍ബി ജലാല്‍ (21) മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. ഹല്‍ബിയുടെ അമ്മ സെല്‍വം മുഹമ്മദ് കുഞ്ഞ് (53) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
പത്തനംതിട്ട പന്തളം സ്വദേശികളാണ് ഇരുവരും. മാതാവും മകളും സഞ്ചരിച്ച സ്‌കൂട്ടര്‍ അതേ ദിശയില്‍ നിന്നുമെത്തിയ കാര്‍ ഇടിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നു റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും എതിര്‍ ദിശയില്‍ നിന്നെത്തിയ മറ്റൊരു കാറും ഇടിച്ച് തെറിപ്പിച്ചു. സെല്‍വം മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറി ഇറങ്ങി. അപകടത്തിന് ശേഷം ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.







