പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഓട്ടോഡ്രൈവര്‍ക്ക് 31 വര്‍ഷം കഠിന തടവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോഡ്രൈവറെ 31 വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടില്‍ എം. സഫീറിനെ(43)യാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.എസ് വരുണ്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പിഴ അടക്കുകയാണെങ്കില്‍ പ്രസ്തുത തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.

2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പല ദിവസങ്ങളിലും അതിജീവിതയെ ഓട്ടോറിക്ഷയില്‍ വെച്ച് ശാരീരികമായി ഉപദ്രവിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. എടവണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ഇ. ബാബുവാണ് അന്വേക്ഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page