ന്യൂഡല്‍ഹി: ഇന്ധനവിലക്കയറ്റത്തിന് പിന്നാലെ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച എയര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിസന്ധിയിലായി പ്രവാസികള്‍ അടക്കമുള്ള യാത്രക്കാര്‍. ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 31 വരെയാണ് എയര്‍ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം കുറയ്ക്കാനും നിര്‍ത്തിവയ്ക്കാനുമാണ് തീരുമാനം. പ്രതിദിനം നൂറോളം സര്‍വീസുകള്‍ക്കാണ് നിയന്ത്രണം വരുന്നത്.
ഇന്ധനവില ഉയരുകയും വ്യോമാതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ കമ്പനി കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് നേരിടുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോ, ന്യൂവാര്‍ക്ക്, സിംഗപ്പൂര്‍, ഷാങ്ഹായ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ പൂര്‍ണമായും നിര്‍ത്തിവച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സാന്‍ഫ്രാന്‍സിസ്‌കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ കുറച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തന ചെലവിന്റെ ഏകദേശം 40 ശതമാനമാണ് ഇന്ധനത്തിനായി വിനിയോഗിക്കുന്നത്.
ഉയര്‍ന്ന ഇന്ധന വിലയും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും നിരവധി റൂട്ടുകളെ ലാഭകരമല്ലാതാക്കിയതിനാല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ കുറയ്ക്കുന്നത് തുടരുമെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ കാംബെല്‍ വില്‍സണ്‍ ജീവനക്കാരെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല റൂട്ടുകളിലും പ്രവര്‍ത്തനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് രംഗത്തെത്തിയിട്ടുണ്ട്
കുറഞ്ഞ ചെലവില്‍ നാട്ടില്‍ എത്താന്‍ കഴിയുന്ന തരത്തിലുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതോടെ ആശങ്കയിലാണ് പ്രവാസികള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം വിമാന ഇന്ധനവിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മേയ് എട്ട് ആയപ്പോഴേക്കും 162.89 ഡോളറായി ഉയര്‍ന്നു.







