നാരങ്ങ പറിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; പ്രതികള്‍ കസ്റ്റഡിയില്‍

നളന്ദ: നാരങ്ങ പറിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാര്‍ നളന്ദയിലെ സക്രവ ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തിലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്കുമാര്‍ പാസ്വാന്റെ മകന്‍ ശുഭം കുമാര്‍ എന്ന ജഗ്ഡു വാണ് അതിക്രമത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശുഭം. ഈ സമയം അടുത്ത വീട്ടിലെ നാരങ്ങാ മരത്തില്‍ നിന്നു ഒരു നാരങ്ങ താഴെ വീണു. ഇതോടെ കുട്ടി നാരങ്ങ എടുത്തു. ഇതുകണ്ട വീട്ടുടമ ഗോരഖ് മിയാന്‍ അനുവാദം കൂടാതെ നാരങ്ങ പറിച്ചു എന്നാരോപിച്ച് പന്ത്രണ്ടോളം പേരെ കൂട്ടി ശുഭമിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അക്രമത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. എന്നാല്‍ താഴെ വീണ നാരങ്ങയാണ് എടുത്തതെന്ന് കുട്ടി പറഞ്ഞിട്ടും അത് കേള്‍ക്കാതെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page