ഡോക്ടറുടെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ട്വിസ്റ്റ്; സ്വര്‍ണം തിരികെ നല്‍കി കള്ളന്‍; കേസെടുക്കരുതെന്നു അപേക്ഷ

കോഴിക്കോട്: ഗുരുവായൂര്‍ അരിയന്നൂരില്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വന്‍ ട്വിസ്റ്റ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കള്ളന്‍ തന്നെ ഡോക്ടറുടെ വീട്ടില്‍ തിരികെ എത്തിച്ചു. ഇന്ന് രാവിലെയാണ് ഡോക്ടറുടെ വീടിന് മുന്നില്‍ ഒരു പാര്‍സല്‍ കണ്ടത്. തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ പാഴ്‌സല്‍ തുറന്നുനോക്കിയപ്പോഴാണ് അതിനകത്ത് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.

അതില്‍ ഒരു കത്തും ഉണ്ടായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളില്‍ രണ്ടുപവന്‍ വിറ്റുപോയെന്നും അത് താന്‍ തിരികെ നല്‍കുമെന്നും കത്തില്‍ പറയുന്നു. കേസെടുക്കരുതെന്നും അബദ്ധം പറ്റിയതാണെന്നും അപേക്ഷിക്കുന്നുമുണ്ട്. എന്നാല്‍ എടുത്ത സ്വര്‍ണം വീട്ടില്‍ തിരികെ കൊണ്ടുവയ്ക്കാന്‍ കള്ളന്‍ കാണിച്ച ധൈര്യത്തില്‍ പകച്ചുനില്‍ക്കുകയാണ് ഡോക്ടര്‍. കള്ളന്‍ ഒരു സാധാരണ കള്ളനല്ലെന്ന് ഡോക്ടര്‍ പറയുന്നു. അതേസമയം എത്രയും പെട്ടെന്ന് കള്ളന്‍ വലയിലാകുമെന്നാണ് പൊലീസ് ഉറപ്പുനല്‍കുന്നത്.

കള്ളനെ കണ്ടെത്താന്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പൊലീസ് ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് നില്‍ക്കക്കള്ളിയില്ലാതെയാണ് മോഷ്ടിച്ച ആഭരണങ്ങള്‍ തിരികെ ഏല്‍പ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂര്‍- കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള ആള്‍ തന്നെയാകാം പ്രതിയെന്നും പൊലീസ് കരുതുന്നു.

പോക്കാക്കില്ലത്ത് വീട്ടില്‍ ഡോ. അബൂബക്കറിന്റെ വീട്ടില്‍ മെയ് എട്ടാം തീയതി പുലര്‍ച്ചെയാണ് മോഷണം നടന്നത്. എന്നാല്‍ 10ാം തീയതിയാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. വീടിന്റെ മുകള്‍ നിലയില്‍ കയറിയാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വീടിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

10ാം തീയതി പുലര്‍ച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ ഡോക്ടറുടെ ഭാര്യ ഡോ. ബുഷറ അലമാരയില്‍ നിന്ന് സ്വര്‍ണം എടുക്കാന്‍ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് വളകള്‍, രണ്ട് മാലകള്‍, മൂന്ന് ജോഡി കമ്മലുകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ സ്വര്‍ണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page