മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജയിച്ചതിന് പിന്നാലെ ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം; ആര്‍സിബി താരത്തിന് പിഴ

റായ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജയിച്ചതിന് പിന്നാലെ ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം കാട്ടിയ ആര്‍സിബി താരത്തിന് പിഴ. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ടിം ഡേവിഡിനാണ് ഐപിഎല്‍ അച്ചടക്ക സമിതി കനത്ത പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 30 ശതമാനം പിഴ ശിക്ഷക്ക് പുറമെ രണ്ട് ഡെമെറിറ്റ് പോയിന്റുകളും ഡേവിഡിന് മേല്‍ ചുമത്തി. മാച്ച് റഫറി അമിത് ശര്‍മ്മ വിധിച്ച ശിക്ഷ ടിം ഡേവിഡ് അംഗീകരിച്ചു.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.6 പ്രകാരം അശ്ലീലമോ അപകീര്‍ത്തികരമോ ആയ ആംഗ്യങ്ങള്‍ കാണിച്ചു എന്ന കുറ്റത്തിനാണ് നടപടി. ഞായറാഴ്ച റായ്പൂരില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവസാന പന്തില്‍ തോല്‍പ്പിച്ച് ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന ആഘോഷങ്ങള്‍ക്കിടെയാണ് ടിം ഡേവിഡ് നടുവിരല്‍ ഉയര്‍ത്തി കാട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. പിന്നാലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് ഐപിഎല്‍ അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടത്.

നേരത്തെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഡേവിഡ്, 2025 ലേലത്തിലാണ് ആര്‍സിബിയിലെത്തിയത്. മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായ താരം ബാറ്റിംഗില്‍ നിരാശപ്പെടുത്തിയിരുന്നു. അവസാന പന്ത് വരെ നീണ്ട നാടകീയതകള്‍ക്കൊടുവിലായിരുന്നു ആര്‍സിബിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ സ്‌പെല്‍ പ്രതിരോധത്തിലാക്കി. പവര്‍പ്ലേയില്‍ തന്നെ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, റയാന്‍ റിക്കല്‍ട്ടണ്‍ എന്നിവരെ ഭുവി പുറത്താക്കി. എന്നാല്‍ തിലക് വര്‍മ്മയുടെയും നമന്‍ ധീറിന്റെയും പോരാട്ടം മുംബൈയെ 166 എന്ന മാന്യമായ സ്‌കോറിലെത്തിച്ചു. മറുപടി ബാറ്റിംഗില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായെങ്കിലും ആര്‍സിബി പൊരുതിക്കയറി. അവസാന പന്തില്‍ വിജയം പിടിച്ചെടുത്തതോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page