മിന്നലും മഴയും: വീടിന്റെ ചുമരിടിഞ്ഞ് വീണ് ഗൃഹനാഥന് പരിക്ക്; കോഴികള്‍ ചത്തനിലയില്‍

കോഴിക്കോട്: ശക്തമായ മിന്നലില്‍ വീടിന്റെ ചുമരിടിഞ്ഞ് കല്ല് ദേഹത്തേക്ക് തെറിച്ചുവീണ് ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് നരിക്കുനിയില്‍ കഴിഞ്ഞദിവസം രാത്രിയില്‍ നടന്ന സംഭവത്തില്‍ വാര്യംവീട്ടില്‍ മാധവന്‍ നായര്‍ക്കാണ് പരിക്കേറ്റത്. വീടിനും സാരമായ കേടുപാട് സംഭവിച്ചു. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും മിന്നലേറ്റ് ചത്ത നിലയിലാണ്. വീടിന്റെ വയറിങും ഏതാനും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു.

ജില്ലയില്‍ പലയിടത്തും മഴയില്‍ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയും ഉണ്ടായി. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണത് കാരണം ഗതാഗത തടസമുണ്ടായി. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും താമരശ്ശേരി മലയോര മേഖലയിലും ശക്തമായ മഴ പെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page