അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങില്‍ പങ്കെടുത്ത് പ്രധാന മന്ത്രി അടക്കമുള്ള നേതാക്കള്‍

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹിമന്തയുടെ രണ്ടാമൂഴമാണിത്. ഹിമന്തയ്‌ക്കൊപ്പം നാല് മന്ത്രിമാര്‍ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മ്മല സീതാരാമന്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, എന്‍ഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, ചില രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, വ്യവസായികള്‍, മതനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎല്‍എയുമായ അതുല്‍ ബോറ, ബിപിഎഫിന്റെ പ്രതിനിധി ചരണ്‍ ബോറോ, മുന്‍ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ രാമേശ്വര്‍ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎല്‍എയുമായ അജന്ത നിയോഗ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

അസമില്‍ മൂന്നാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്. 126 അംഗ അസം നിയമസഭയില്‍ 102 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയത്. ബിജെപി തനിച്ച് 82 സീറ്റുകള്‍ നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും 10 സീറ്റുകള്‍ വീതം നേടി. മുതിര്‍ന്ന ബിജെപി നേതാവ് രഞ്ജിത് കുമാര്‍ ദാസ് നിയമസഭ സ്പീക്കറാകുമെന്നാണ് സൂചന. നേരത്തെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും രഞ്ജിത് കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മ 2015 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page