ചോദ്യ പേപ്പര്‍ ചോര്‍ച്ച ആരോപണം; മെയ് 3 ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ മെയ് മൂന്നിന് നടത്തിയ നീറ്റ് യുജി പരീക്ഷ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റദ്ദാക്കി. മേയ് മൂന്നിന് നടന്ന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ പരീക്ഷാ ഫലം റദ്ദാക്കാനും വീണ്ടും പരീക്ഷ നടത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
24 ലക്ഷം വിദ്യാര്‍ത്ഥികള്‍ ആണ് പരീക്ഷ എഴുതിയത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സിസിടിവികളും ജാമറുകളും ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ന്നത് വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

രാജസ്ഥാനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍, പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യങ്ങള്‍ വാട്‌സാപ്പ് വഴിയും മറ്റും പ്രചരിച്ചതായി കണ്ടെത്തിയിരുന്നു. കൈപ്പടയില്‍ തയ്യാറാക്കിയ ഒരു ഗസ് പേപ്പറില്‍ നിന്നുള്ള 120 ഓളം ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി സാമ്യമുള്ളതാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള എന്‍.ടി.എയുടെ തീരുമാനം. ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജസ്ഥാനിലാണ് ആദ്യമായി ചോദ്യ പേപ്പര്‍ ചോര്‍ച്ച ആരോപണം ഉയര്‍ന്നത്. കേരളത്തിലടക്കം കണ്ണികളുണ്ടെന്ന് കണ്ടെത്തി. നിലവില്‍ കേരളം, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജാര്‍ഗണ്ഡ് തുടങ്ങി നാല് സംസ്ഥാനങ്ങളിലായി അന്വേഷണം നടക്കുകയാണ്.

പുതിയ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് എന്‍ടിഎ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും നേരത്തെ നല്‍കിയ അപേക്ഷാ വിവരങ്ങള്‍ തന്നെ മതിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുനഃപരീക്ഷയ്ക്ക് പ്രത്യേക ഫീസ് ഈടാക്കില്ല. നിലവില്‍ വിദ്യാര്‍ത്ഥികള്‍ അടച്ച ഫീസ് തിരികെ നല്‍കുന്ന കാര്യവും എന്‍ടിഎ പരിഗണിക്കുന്നുണ്ട്. പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാക്കും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം പരീക്ഷ മാറ്റിവച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എന്‍.എസ്.യു ആണ് പ്രതിഷേധവുമായെത്തിയത്. വിദ്യാര്‍ത്ഥികളുടെ മാനസിക നില തകര്‍ക്കുന്നതാണ് സംഭവമെന്നാണ് ആരോപണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page