ലണ്ടനില്‍ റിഫോം യുകെ തരംഗത്തിനിടയിലും വന്‍ മുന്നേറ്റത്തോടെ സീറ്റ് നിലനിര്‍ത്തി മലയാളി; രണ്ടാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു

ലണ്ടന്‍: ലണ്ടനില്‍ റിഫോം യുകെ തരംഗത്തിനിടയിലും വന്‍ മുന്നേറ്റത്തോടെ സീറ്റ് നിലനിര്‍ത്തി മലയാളി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി നിഖില്‍ ഷെറിന്‍ തമ്പി(40)യാണ് വന്‍ മുന്നേറ്റത്തോടെ ലണ്ടനിലെ ക്രോയ്ഡണ്‍ ബോറോ കൗണ്‍സിലിലെ കൂള്‍സ്ഡണ്‍ ടൗണ്‍ വാര്‍ഡില്‍ നിന്ന് രണ്ടാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 2022ലാണ് നിഖില്‍ ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ രണ്ടാം തവണയും വിജയിച്ചതിലൂടെ ആ പ്രദേശത്തെ ജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.

2022 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2,105 വോട്ടുകളോടെയാണ് അദ്ദേഹം കൂള്‍സ്ഡണ്‍ ടൗണില്‍ നിന്ന് വിജയിച്ചത്. 13,000 ജനസംഖ്യയുള്ള വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കൗണ്‍സിലര്‍മാരില്‍ ഒരാളായിരുന്നു നിഖില്‍. മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനകിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും അദ്ദേഹത്തിനുണ്ടായി.

ഇത്തവണ റിഫോം പാര്‍ട്ടി തരംഗത്തിനിടെ സീറ്റ് നിലനിര്‍ത്താന്‍ സാധിച്ച ഏതാനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗണ്‍സിലറില്‍ ഒരാള്‍ കൂടിയാണ് നിഖില്‍. കുടിയേറ്റ വിരുദ്ധ നയങ്ങളുടെ പേരില്‍ വന്‍ ഭൂരിപക്ഷമാണ് റിഫോം യുകെ നേടിയത്. 1450 സീറ്റുകളാണ് റിഫോം യുകെ നേടിയത്. 1064 സീറ്റില്‍ നിന്ന് 804 സീറ്റിലേക്കാണ് ലേബര്‍ പാര്‍ട്ടിയെത്തിയത്. 136 കൗണ്‍സിലുകളിലായി 5034 സീറ്റുകളിലാണ് പ്രദേശിക തെരഞ്ഞെടുപ്പ് നടന്നത്.

എറണാകുളം മോഡല്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം 2010ലാണ് നിഖില്‍ ഉപരിപഠനത്തിനായി യുകെയില്‍ എത്തിയത്. നിലവില്‍ ഫിലിപ്സ് കമ്പനിയില്‍ സീനിയര്‍ ഇന്റഗ്രേഷന്‍ സ്‌പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. കവടിയാര്‍ സ്വദേശിയായ ഭാര്യ നിവേദ ഗീത മനോഹര്‍ ബ്രിട്ടനിലെ എന്‍.എച്ച്.എസില്‍ ഉദ്യോഗസ്ഥയാണ്.

ലോക്കല്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പള്ളിയിലെയും മറ്റ് പ്രാദേശിക കൂട്ടായ്മകളിലെയും ഇടപെടലുകളാണ് നിഖിലിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ നിഖിലിന് സാധിച്ചതാണ് രണ്ടാം തവണയും വിജയിച്ചത്. 2018 ല്‍ ആണ് നിഖില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2020 ല്‍ ബ്രിട്ടീഷ് പൗരത്വം നേടി.

വിജയിച്ചെങ്കിലും ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ച് നിഖില്‍ വ്യക്തമായ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. കൃത്യമായ പ്ലാനിംഗും സാമ്പത്തിക ഭദ്രതയും ഇല്ലാതെ യുകെയിലേക്ക് വരുന്നത് അപകടകരമാണെന്നും, ലോണ്‍ എടുത്ത് വരുന്നവര്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും നിഖില്‍ ചൂണ്ടിക്കാട്ടുന്നു. 2021ന് ശേഷം നിയമപരമായി ബ്രിട്ടനിലെത്തിയവര്‍ പോലും കുടിയേറ്റ വിരുദ്ധക്കാരുടെ ഇരകളാക്കപ്പെടുന്നുണ്ടെന്നും നിഖില്‍ പറഞ്ഞു. 2017ലാണ് നിഖിലും ഭാര്യയും കൂള്‍സ്ഡണില്‍ വീട് വാങ്ങിയത്. ജോണ്‍ നിഖില്‍ മകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page