കാസര്‍കോട്: 26 വര്‍ഷമായി മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ജീവിക്കുന്ന മൂന്നു കുടുംബങ്ങളുടെ ദുരവസ്ഥ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറാന്‍ പോവുന്നു.
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍പ്പെട്ട കുമ്പള പഞ്ചായത്തിലെ കുണ്ടങ്കേരടുക്ക ശാന്തി നഗര്‍ എസ് സി കോളനിയിലെ അഭിമാന്റെ വീടിനു വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ പോവുന്നു.
അഭിമാന്റെയും ഭാര്യ പാര്‍വ്വതിയുടെയും മക്കളും കുമ്പള ജി എസ് ബി എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായ കമാര, അജയ് കുമാര്‍, പഞ്ചമി എന്നിവരുടെയും മണ്ണെണ്ണ വിളക്കിന്റെ കരിപുരണ്ട കണ്ണിലും മുഖത്തും വൈദ്യുതി ബള്‍ബു തെളിയുന്നു. അവര്‍ പാവങ്ങളാണ്. തങ്ങള്‍ക്കും വൈദ്യുതി കിട്ടാന്‍ പോവുന്നതിന്റെ പരമാനന്ദം മനസ്സില്‍ ഒതുക്കി വയ്ക്കാന്‍ കഴിയാത്തതതു കൊണ്ടു മുഖത്തു തെളിയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഈ മേഖലയിലെ ബി ജെ പി തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കുമ്പള മണ്ഡലം പ്രസിഡന്റ് വിക്രംപൈ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി പ്രവര്‍ത്തകരുമൊത്തു അഭിമാന്റെ വീട്ടിലെത്തിയപ്പോഴാണ് മൂന്നു സെന്റിലെ ഒറ്റമുറി വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ ചുറ്റുമിരുന്നു പഠിക്കുന്ന മൂന്നു കുട്ടികളെ കണ്ടത്. ഈ കാഴ്ച അദ്ദേഹത്തിന്റെ മനസില്‍ പതിച്ചു. വിവരമന്വേഷിച്ചപ്പോള്‍ അവര്‍ അവരുടെ ദുരിത ജീവിതം വിശദീകരിച്ചു. കര്‍ണ്ണാടക സ്വദേശികളായ പക്ഷിപിടിത്ത വിഭാഗത്തില്‍പ്പെട്ടവരാണ് അഭിമാനും ഭാര്യയും. കര്‍ണ്ണാടകയില്‍ നിന്നു കുമ്പളയിലെത്തിയ ഇവര്‍ നാട്ടില്‍ ഓരോ ജോലികള്‍ ചെയ്തു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. ഇതിനിടയില്‍ കുമ്പള കുണ്ടങ്കേരടുക്കയില്‍ എസ് സി- എസ് ടി കോളനി പ്രവര്‍ത്തിക്കുന്ന വിവരമറിഞ്ഞു എസ് സി കോളനിക്കടുത്തു പ്ലാസ്റ്റിക്കും ബയന്റുകളും മേല്‍ക്കൂരയും ചുവരുമാക്കി ഉണ്ടാക്കിയ വീട്ടില്‍ താമസമാരംഭിച്ചു. ഇരുപതിലധികം വര്‍ഷം ഭക്ഷണം പാചകം ചെയ്യലും ഉറക്കവുമൊക്കെ പ്ലാസ്റ്റിക് കുടിലിലായിരുന്നു. അതിനിടയില്‍ ഉണ്ടായ മൂന്നു മക്കളും അവരുടെ പഠനവും എല്ലാം അതേ കുടിലില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലായിരുന്നു.
ഏതാനും വര്‍ഷം മുമ്പ് പ്ലാസ്റ്റിക് വീടു പൊളിച്ചു പരമാവധി മൂന്നു സെന്റ് വരുന്ന സ്ഥലത്ത് അവരൊരു ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട് പണിതു. ആ വീട് അവര്‍ക്കു സ്വര്‍ഗ തുല്യമാണെങ്കിലും അതില്‍ വെളിച്ചത്തിനു മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കേണ്ടിവരുന്നതു അല്‍പ്പം വിഷമമുണ്ടാക്കിയിരുന്നു. എങ്കിലും വിധിക്കു വിധേയരാവുകയായിരുന്നു.
ഇതിനിടയില്‍ വൈദ്യുതി കണക്ഷനു മുട്ടാവുന്നിടത്തൊക്കെ മുട്ടി. എവിടെയും അനുകൂല പ്രതികരണമുണ്ടായില്ല.
അഭിമാനും ഭാര്യ പാര്‍വ്വതിയും ഇതു പറയുമ്പോള്‍ അവരുടെ മുഖത്തും വാക്കിലും വിഷാദം നിഴലിച്ചിരുന്നതായും വിക്രം പൈ അനുസ്മരിച്ചു. എന്തായാലും വിദ്യാര്‍ത്ഥികള്‍ ഇക്കാലത്തും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിനു ചുറ്റുമിരുന്നു പഠിക്കേണ്ട സ്ഥിതി ആശാവഹമല്ലെന്നു വിക്രംപൈ പറഞ്ഞു. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി -കുടിവെള്ളം എന്നൊക്കെ പറഞ്ഞു ജനങ്ങളെയാകെ പുളകം കൊള്ളിക്കുന്ന നമ്മുടെ നാട്ടില്‍ ആ പറച്ചിലുകളൊക്കെ പാവങ്ങളെ പറ്റിക്കാനാണോ എന്ന ആശങ്കയും ഉയര്‍ന്നു.

തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനിടയില്‍ത്തന്നെ അദ്ദേഹം വൈദ്യുതി അധികൃതരെ സമീപിച്ചു.
വൈദ്യുതി കണക്ഷനാവശ്യമായ അടിസ്ഥാന നിബന്ധനകള്‍ അവര്‍ വിശദീകരിച്ചു. കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന് ഇവരുടെ പേര്‍ക്കു രേഖയില്ല. മറ്റു പല നിബന്ധനകളും രേഖാമൂലം നിറവേറ്റാന്‍ ഇവര്‍ക്കു കഴിയുന്നില്ല. അങ്ങനെയാണെങ്കില്‍ പാര്‍ട്ടി അവര്‍ക്കു സോളാര്‍ ലൈറ്റ് ഏര്‍പ്പെടുത്തിക്കൊടുക്കാമെന്നു പൈ പ്രതികരിച്ചു. അത് വെല്ലുവിളിയായേക്കാമെന്നു സംശയിച്ച അധികൃതര്‍ വൈദ്യുതീകരണത്തിനു വയറിംഗ് ചെയ്തുകൊടുത്താല്‍ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്നു സമ്മതിച്ചു. അതനുസരിച്ചു വയറിംഗ് പൂര്‍ത്തിയാക്കി. ഏതാനും ദിവസത്തിനുള്ളില്‍ ഈ കുടിലിനു വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ പോകുന്നു. ഇതേ വീടിനോടുചേര്‍ന്ന് ഈ വിഭാഗത്തില്‍പ്പെട്ട മറ്റു രണ്ടു കുടുംബങ്ങളുമുണ്ട്. അവര്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമായിട്ടില്ല. എങ്കിലും കൊച്ചു കുട്ടികളായതിനാല്‍ ആ വീടുകളില്‍ വിദ്യാര്‍ത്ഥികളില്ല. എങ്കിലും അവര്‍ക്കും താമസിയാതെ വൈദ്യുതി ലഭ്യമാക്കി കൊടുക്കാന്‍ ശ്രമം തുടരുകയാണ്.







