റായ്പുര്‍: അമ്മാവന്റെ വീട്ടില്‍ മുറിച്ചുവച്ചിരുന്ന തണ്ണിമത്തന്‍ കഴിച്ച 15കാരന്‍ മരിച്ചു. കുട്ടിക്കൊപ്പം തണ്ണിമത്തന്‍ കഴിച്ച കുടുംബത്തിലെ നാലു കുട്ടികളെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാഞ്ച്ഗിര്‍ ചംപ ജില്ലയിലെ ഗുര്‍കോട്ട് ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഛത്തീസ്ഗഡിലെ പൊടി ദല്‍ഹ സ്വദേശി അഖിലേഷ് ധീവറാണ് മരിച്ചത്. 12, 13, നാല് വയസ്സുള്ള കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തണ്ണിമത്തന്‍ കഴിച്ച് കുറച്ചു സമയത്തിന് ശേഷം അഖിലേഷിന് ഛര്‍ദ്ദിയും വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നുവെന്നും മറ്റ് മൂന്നു കുട്ടികളും സമാന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നും ് ബന്ധുക്കള്‍ പറഞ്ഞു.
രാവിലെ മുറിച്ചുവെച്ച തണ്ണിമത്തന്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് കുട്ടികള്‍ കഴിച്ചതെന്നും അതിനാല്‍ അത് മലിനമാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേതുടര്‍ന്നുണ്ടാകാവുന്ന ഭക്ഷ്യവിഷബാധ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ലബോറട്ടറി പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു തണ്ണിമത്തന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. 15കാരന്റെ ശരീര സാംപിള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
സംഭവത്തിന് പിന്നാലെ മുഴുവന്‍ കുടുംബാംഗങ്ങളെയും അയല്‍വാസികളെയും പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ആരോഗ്യ വിഭാഗത്തിന് നിര്‍ദേശം നല്‍കി. അടുത്തിടെയാണ് മുംബൈയില്‍ തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ദമ്പതികളും രണ്ട് പെണ്‍മക്കളും മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെയാണ് മറ്റൊരു സംഭവവും നടക്കുന്നത്. അതേസമയം മുംബൈയില്‍ മരിച്ചവരുടെ ശരീര സാംപിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.







