ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കഴുത്തിനു പിടിച്ച് നിര്‍ത്തി സാഹസികമായി നേരിട്ട് പതിമൂന്നുകാരന്‍; മല്‍പിടുത്തത്തില്‍ വയറിനും കൈകാലുകള്‍ക്കും പരിക്ക്

ഭോപ്പാല്‍: തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കഴുത്തിനു പിടിച്ച് സാഹസികമായി നേരിട്ട പതിമൂന്നുകാരന് അഭിനന്ദന പ്രവാഹം. മധ്യപ്രദേശിലെ കുര്‍സി ഖാപ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സത്യം താക്കൂര്‍ ആണ് പുലിയെ കീഴ്‌പ്പെടുത്തി ഹീറോയായത്. വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സത്യത്തെ കുറ്റിക്കാട്ടില്‍നിന്നു ചാടിവീണ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആദ്യം പകച്ചുപോയെങ്കിലും മന:സാന്നിദ്ധ്യം വീണ്ടെടുത്ത സത്യ അതിജീവനത്തിനായി പുലിയുടെ കഴുത്തില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു.

വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റെങ്കിലും സത്യ പിടിവിട്ടില്ല. നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് താക്കൂറും കുടുംബാംഗങ്ങളും വടികളുമ മറ്റുമായി ഓടിയെത്തി. അപ്പോഴും പുലിയും സത്യയും തമ്മിലുള്ള മല്‍പ്പിടിത്തം തുടരുകയായിരുന്നു. കുഞ്ഞിനെ പുലി കടിച്ചുകീറുമോ എന്ന് ഭയന്ന കുടുംബാംഗങ്ങള്‍ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോയി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചു. കൂടുതല്‍ സഹായം ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂര്‍വമല്ലെങ്കിലും, കുട്ടികള്‍ക്കു നേരേയുള്ള ഇത്തരം ആക്രമണങ്ങള്‍ വളരെ വിരളമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page