പിണറായി വിജയന്‍ താമസം മാറുന്നത് ചിന്താ ഫ്‌ളാറ്റിലേക്കല്ല; വാടകവീട്ടിലേക്ക്

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്കു താമസം മാറും. പിബി യോഗം കഴിഞ്ഞു ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയ പിണറായി വിജയന്‍ നഗരമധ്യത്തിലുള്ള വാടക വീട്ടിലേക്കാണ് പോയത്. എകെജി സെന്ററിനു സമീപത്തുള്ള ചിന്ത ഫ്ളാറ്റിലേക്ക് താമസം മാറുമെന്നായിരുന്നു നേരത്തെ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയ സൂചന. ഫ്‌ളാറ്റ് വൃത്തിയാക്കുകയും ചെയ്തിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായത്. ബേക്കറി ജംക്ഷനില്‍ വത്സല നഴ്സിങ് ഹോമിനു സമീപത്താണ് വാടകവീട്. നവീകരണത്തിനായി ക്ലിഫ് ഹൗസ് ഉടന്‍ തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നഗരമധ്യത്തില്‍ തന്നെ വാടകവീട് കണ്ടെത്തിയിരിക്കുന്നത്.അതേസമയം പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സി.പി.എം പി.ബി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ജനറല്‍ സെക്രട്ടറി എം.എ ബേബി മറുപടി നല്‍കിയില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം പിണറായി വിജയന്‍ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് പാര്‍ട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ബേബി വ്യക്തമാക്കി. തോല്‍വി കൂട്ടുത്തരവാദിത്തമാണ്. കേരളത്തിലെ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം പിണറായി വിജയന്‍ ഏറ്റെടുക്കേണ്ടതില്ല. ഒരാള്‍ മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സമീപനം സിപിഎമ്മിനില്ല. കൂട്ടായ ഉത്തരവാദിത്തമാണ് പാര്‍ട്ടിക്കുള്ളത്. തെറ്റ് തിരുത്തല്‍ ഉണ്ടാകുമെന്നും പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകുമോ എന്ന് അപ്പൊള്‍ അറിയാമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page