കൊച്ചി: എറണാകുളം കേന്ദ്രീകരിച്ചു നടന്ന അവയവദാന തട്ടിപ്പ് സംഘത്തിന്റെ സൂത്രധാരന്‍, കാസര്‍കോട്, കളനാട്, ചളിയങ്കോട്ടെ മുഹമ്മദ് നജീബ് കല്ലട്രയുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഫോണ്‍ പിടികൂടിയതോടെ ഇയാളുമായി ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താന്‍ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം .മുജീബ് കല്ലട്രയുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും തട്ടിപ്പിനു അന്താരാഷ്ട്ര ബന്ധം ഉള്ളതായും സംശയിക്കുന്നു. പാവപ്പെട്ടവരെ വലയിലാക്കി പത്തു ലക്ഷത്തിനു താഴെ മാത്രം പ്രതിഫലം നല്‍കി കോടികണക്കിനു രൂപകൈപ്പറ്റിയ ശേഷം കരൾ,വൃക്കകള്‍ തുടങ്ങിയ അവയവങ്ങള്‍ വിദേശികള്‍ക്കുവരെ ദാനം നല്‍കിയിട്ടുണ്ടോയെന്നും സംശയിക്കുന്നു.
അവയവ കൈമാറ്റത്തിന്റെ പലരേഖകളിലും നിയമസാധുത വരുത്തിയത് കാസര്‍കോട്ട് വച്ചാണെന്ന സൂചനയും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്- ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉടന്‍ കാസര്‍കോട്ടേക്കു പോകുമെന്നാണ് വിവരം.







