കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങിതട്ടിപ്പ്; സ്വകാര്യ ധനകാര്യ കമ്പനിക്കും മാനേജർ ഉൾപ്പെടെ അഞ്ച് പേർക്കെ തിരെ കേസ്

കണ്ണൂര്‍:കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് ലക്ഷങ്ങള്‍ സ്വീകരിച്ചശേഷം തുക തിരിച്ചുനല്‍കാതെ കബളിപ്പിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉടമകളും മാനേജരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലക്കോട് ടൗണില്‍ പ്രവര്‍ത്തിച്ചുവന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാജു മാത്യു, മാനേജിംഗ് ഡയറക്ടര്‍ പത്തനംതിട്ടയിലെ രാജു ജോര്‍ജ് നെടുംപറമ്പില്‍, പാര്‍ട്ണര്‍മാരായ ഗ്രേസ് രാജു, അലന്‍ ജോര്‍ജ്, ആന്‍സണ്‍ ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആലക്കോട് സ്വദേശികളായ തുണ്ടത്തില്‍ മാത്യു ജോസഫ്, മിനി തോമസ്, ജാന്‍സി മാത്യു, പീതാംബരന്‍, അരങ്ങത്തെ അജിരാജ് എന്നിവർ നൽകിയ പരാതികളിലാണ് ആലക്കോട് പൊലീസ് കേസെടുത്തത്. പത്തനംതിട്ട ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമാണ് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്.ഇതിന്റെ ബ്രാഞ്ചാണ് ആലക്കോട് പ്രവര്‍ത്തിച്ചുവന്നത്. കൂടുതല്‍ പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2022 ജൂലായ് 18നും 2024 ജനുവരി 22നും ഇടയിലുള്ള കാലയളവിലാണ് പരാതിക്കാരായ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചത്. അഞ്ചുപേര്‍ 26,66,300 രൂപയാണ് നിക്ഷേപിച്ചത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുനല്‍കാതെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ആലക്കോട് മേഖലയില്‍ നിരവധി പേര്‍ നിക്ഷേപതട്ടിപ്പിന് ഇരകളായിട്ടുണ്ട്. ചെറുപുഴ ഉള്‍പ്പെടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പാണ് കമ്പനി നടത്തിയതെന്ന് പറയുന്നു.
സംഭവത്തില്‍ ആലക്കോട് പൊലീസ് ഇൻസ്പെക്ടർ കെ. രാജീവന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page