60 കാരന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്ത് അവിവാഹിതനായ മകന്‍; തര്‍ക്കത്തിനിടെ മകനെ വെടിവച്ച് കൊന്നശേഷം പിതാവ് ജീവനൊടുക്കി

ലുധിയാന: രണ്ടാം വിവാഹം കഴിക്കാനുള്ള പിതാവിന്റെ ആഗ്രഹത്തിന് തടസം നിന്ന അവിവാഹിതനായ മകനെ വെടിവച്ച് കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ലുധിയാനയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സുരീന്ദര്‍ സിംഗ് എന്ന ഫൗജിയാണ് മകന്‍ ഗുര്‍ഷരണ്‍ സിംഗ് ജിന്നിയെ (40) വെടിവച്ചു കൊന്നശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സൈന്യത്തില്‍ നിന്ന് വിരമിച്ച സുരീന്ദറിന്റെ ഭാര്യ അഞ്ചുവര്‍ഷം മുമ്പ് മരിച്ചിരുന്നു. അടുത്തിടെ അദ്ദേഹം വീണ്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മകന്‍ അതിനെ എതിര്‍ത്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രിയും ഭക്ഷണം കഴിക്കുന്നതിനിടെ സുരീന്ദര്‍ വിവാഹ കാര്യം എടുത്തിട്ടു. പതിവുപോലെ മകന്‍ എതിര്‍ക്കുകയും ചെയ്തു. പിന്നാലെ ഇതേചൊല്ലി ഇരുവരും തമ്മില്‍ പരസ്പരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ പ്രകോപിതനായ സുരീന്ദര്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് മകന് നേരെ വെടിയുതിര്‍ത്തു. എന്നാല്‍ മകന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന സുരീന്ദര്‍ മകന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് വീട്ടിലെത്തി വാതിലടച്ചശേഷം വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ വെടിയൊച്ച കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഗുര്‍ഷരണിനെയാണ് കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നോക്കിയപ്പോള്‍ സുരീന്ദറിനെ അവശനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സുരീന്ദറിന് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ടെന്നും അവര്‍ വിദേശത്താണെന്നും പൊലീസ് പറഞ്ഞു. പലപ്പോഴും പിതാവും മകനും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു തര്‍ക്കം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പിതാവിന്റേയും മകന്റേയും മരണവിവരം വിദേശത്തുള്ള പെണ്‍മക്കളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ നാട്ടിലെത്തിയശേഷം തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page