വിവാഹ ചടങ്ങിനിടെ ചിക്കന്‍ ലെഗ് പീസിനെ ചൊല്ലിയും ഡിജെയെ ചൊല്ലിയും സംഘര്‍ഷം; നവവരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ലക്‌നൗ: വിവാഹ ചടങ്ങിനിടെ ചിക്കന്‍ ലെഗ് പീസിനെ ചൊല്ലിയും ഡിജെയെ ചൊല്ലിയുമുള്ള തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നവവരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വിവാഹ ഹാളില്‍ നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് ദുരന്തം സംഭവിച്ചത്. നിസാര കാര്യത്തിന് വേണ്ടി വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാളുടെ ജീവന്‍ നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു.

ഷാപൂരിലെ ആവാസ് വികാസ് കോളനിയിലെ താമസക്കാരനും വരന്റെ ബന്ധുവുമായ സുമിത് (25) ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുമിത് മരിച്ചത്. മൂന്ന് മാസം മുമ്പ് വിവാഹിതനായ സുമിത് ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. സുമിത്തിന്റെ മരണത്തോടെ നവവധു അടക്കമുള്ള കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നേപ്പാളി എന്നറിയപ്പെടുന്ന മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

സംഘര്‍ഷത്തിനിടെ ഇരുവിഭാഗവും കല്ലുകളും, ബെല്‍റ്റുകളും, മുളവടികളും, വാളുകളുമായെത്തി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ വിവാഹവേദി നിമിഷനേരം കൊണ്ട് യുദ്ധക്കളമായി. ബഹളത്തിനിടെ സ്വയം രക്ഷക്കായി അതിഥികള്‍ നാലുപാടും ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവത്തില്‍ മരിച്ച സുമിത്തിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുമിത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സുമിത്തിന്റെ ശരീരത്തില്‍ പുറമെ പരിക്കുകളൊന്നുമില്ലെന്നും ആന്തരിക പരിക്കുകളാണോ മരണ കാരണമായത് എന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page