മദ്യത്തിനും മയക്കുമരുന്നിനും അടിമ; യുവാവിനെ കുടുംബം ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

ലക്‌നൗ: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവിനെ കുടുംബം ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതായി പൊലീസ്. ഉത്തര്‍പ്രദേശിലെ അമ്രോഹയിലുള്ള നസീര്‍പൂര്‍ ഗ്രാമത്തിലെ ദുഷ്യന്ത് കുമാറാണ്(32) കൊല്ലപ്പെട്ടത്. വയോധികരായ മാതാപിതാക്കളെയും സഹോദരനേയും നിരന്തരം ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന ദുഷ്യന്തിന്റെ പ്രവര്‍ത്തിയില്‍ മടുത്താണ് കുടുംബം ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. പല ദിവസങ്ങളിലും ഉപദ്രവം സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഭയത്തോടെയാണ് വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും കുടുംബം പറഞ്ഞു.

ഇതോടെയാണ് മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ കുടുംബം തീരുമാനിച്ചത്. ഇതിനായി മാതാപിതാക്കളായ പീതം സിംഗും മായാദേവിയും സഹോദരന്‍ സങ്കിതും ജോഗേന്ദ്ര എന്ന പ്രാദേശിക കുറ്റവാളിയെ സമീപിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. ക്വട്ടേഷന്‍ സംഘത്തിന് മുന്‍കൂറായി പണം നല്‍കാന്‍ മായാദേവി തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ 55,000 രൂപയ്ക്ക് വിറ്റു. പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കഴിഞ്ഞദിവസം രാത്രി, സഹോദരന്‍ സങ്കിതും ജോഗേന്ദ്രയും കൂട്ടാളികളും ചേര്‍ന്ന് ദുഷ്യന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വനപ്രദേശത്തെ വരണ്ട കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു. തൊട്ടടുത്ത ദിവസം മൃതദേഹം കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹത്തിലെ രക്തക്കറകളാണ് പൊലീസിനെ അന്വേഷണം പ്രതികളിലേക്കെത്താന്‍ സഹായിച്ചത്.

പിന്നാലെ പൊലീസ് സഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് പിതാവ് പീതം സിംഗിനെയും സങ്കിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ മായാദേവിയും ക്വട്ടേഷന്‍ സംഘത്തലവന്‍ ജോഗേന്ദ്രയും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page