പത്തനംതിട്ട: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ 13 കാരിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ 36കാരനെ പൊലീസ് അറസ്റ്റുചെയ്തു. റാന്നി വൈക്കം വിളയില്‍ ലക്ഷംവീട് കോളനിയിലെ രാജേഷ് കുമാറാണ് അറസ്റ്റിലായത്. ഇടുക്കിയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഇയാള്‍.
2025 സെപ്റ്റംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മറ്റൊരു യുവാവിന്റെ ചിത്രങ്ങളും റീലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ പ്രൊഫൈല്‍ വഴിയാണ് പെണ്‍കുട്ടിയെ ഇയാള്‍ തന്നിലേക്ക് ആകര്‍ഷിച്ചത്.
നിരന്തരം ചാറ്റിംഗ് നടത്തി സൗഹൃദം സ്ഥാപിച്ച ഇയാള്‍ അധികം വൈകാതെ പെണ്‍കുട്ടിയുടെ അര്‍ധനഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും പിന്നീട് അത് കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ രാജേഷ് അത് ഉപയോഗിച്ച് വീണ്ടും ഭീഷണിപ്പെടുത്തുകയുണ്ടായി. ഒടുവില്‍ പത്തനംതിട്ട സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പൊലീസ് വലയിലാക്കുകയായിരുന്നു.
സമാനമായ രീതിയില്‍ ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







