തമിഴ്നാട് നിയമസഭയില്‍ ഇനി വിജയ് – ഉദയനിധി പോരാട്ടം; പ്രതിപക്ഷ നേതാവായി മുന്‍ മുഖ്യന്റെ മകനെ തിരഞ്ഞെടുത്തു

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ ഇനി രണ്ട് നടന്‍മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാടും. വിജയ് മുഖ്യമന്ത്രിയായതോടെ ഉദയനിധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഡി.എം.കെ നിയമസഭാകക്ഷി യോഗമാണ് നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തത്. ഇതോടെ തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് ആര് എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരമായത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് ഉദയനിധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ഇതിലൂടെ ഡി.എം.കെയില്‍ തലമുറ മാറ്റം കൂടിയാണ് സംഭവിച്ചിരിക്കുന്നത്. നേതൃപദവി കരുണാനിധി കുടുംബത്തില്‍ തന്നെ നിലനിര്‍ത്തിയതിലൂടെ പാര്‍ട്ടിക്കുള്ളിലെ അധികാരം ഊട്ടിയുറപ്പിക്കുകയാണ് സ്റ്റാലിന്‍. മുതിര്‍ന്ന നേതാവ് കെ.എന്‍ നെഹ്റുവാണ് നിയമസഭാകക്ഷി ഉപനേതാവ്. അതേസമയം തമിഴ്‌നാട്ടില്‍ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ വേദിയില്‍ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷമായ ഡി.എം.കെയും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സി.പി.ഐ യും ആണ് രംഗത്തെത്തിയത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഡി.എം.കെയും ടി.വി.കെയും തമ്മില്‍ സൈബര്‍ പോരും ശക്തമായിട്ടുണ്ട്. വേദിയിലെ വന്ദേമാതരത്തിലൂടെ വിജയ് ബി.ജെ.പിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നുമുള്ള ആക്ഷേപമാണ് പ്രധാനമായും ഡി.എം.കെ ഉയര്‍ത്തുന്നത്. ബംഗാളിലെ സത്യപ്രതിജ്ഞയില്‍ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്ന് ഡി.എം.കെ ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page