സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കെതിരെയും പ്രത്യേക സ്‌ക്വാഡ്; 200 യൂണിറ്റ് വൈദ്യുതി പ്രതിമാസം സൗജന്യമായി നല്‍കും; ആദ്യ ഉത്തരവിറക്കി വിജയ്

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ മൂന്ന് സുപ്രധാന ഉത്തരവിറക്കി വിജയ്. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കെതിരെയും പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും, 200 യൂണിറ്റ് വൈദ്യുതി പ്രതിമാസം സൗജന്യമായി നല്‍കും എന്നീ ഉത്തരവുകളാണ് വിജയ് പുറത്തിറക്കിയത്.

മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്. സര്‍ക്കാരിന്റെ നിലവിലെ സ്ഥിതി വഷളാണെന്നും ഖജനാവ് കാലിയാക്കിക്കൊണ്ടാണ് മുന്‍ സര്‍ക്കാര്‍ പോയതെന്നും വിജയ് പറഞ്ഞു. തന്റെ സര്‍ക്കാര്‍ സുതാര്യമായിരിക്കും, പൊതുജനത്തിന്റെ പണം തനിക്ക് വേണ്ടെന്നും അഴിമതിക്ക് ആലോചന ഉണ്ടെങ്കില്‍ ഇവിടെ ഉപേക്ഷിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി. പല അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്നും ഒരു കേന്ദ്രം മാത്രമേ ഉണ്ടാകൂ എന്നും വിജയ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇതൊരു പുതിയ തുടക്കമാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും, ജനങ്ങളെ വഞ്ചിക്കില്ല. നിങ്ങള്‍ ഒപ്പമുള്ളപ്പോള്‍ എന്തും നേരിടാന്‍ തയാറെന്നും വിജയം സുനിശ്ചിതമാണെന്നും വിജയ് പറഞ്ഞു.

വിശപ്പിന്റെ വില അറിയുന്നവനാണ് താന്‍. സിനിമയിലെ സഹ സംവിധായകന്റെ മകനാണ്. നിങ്ങളില്‍ ഒരുവനാണ്. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായുമെല്ലാം ഞാന്‍ ഉണ്ടാകും. നിങ്ങള്‍ക്കായി വന്ന് നിങ്ങളുടെ വിജയ് ആയി മാറി. അത്രയും സ്‌നേഹവും വിശ്വാസവും നിങ്ങള്‍ തന്നു. ഈ യാത്രയില്‍ ഒരുപാട് വേദനകള്‍ ഉണ്ടായി. എനിക്കൊപ്പം നിന്ന നിങ്ങള്‍ക്കും വേദനകള്‍ അനുഭവിക്കേണ്ടി വന്നെന്നും വിജയ് പ്രസംഗത്തില്‍ പറഞ്ഞു. ഞാന്‍ സാധാരണക്കാരന്‍ ആണെന്നും എന്തു വന്നാലും നേരിടാം എന്നും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സഹോദരനാണെന്ന് വിജയ് പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ച രാഹുല്‍ ഗാന്ധിക്കും, മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും കെ.സി വേണുഗോപാലിനും, എംഎ ബേബിക്കും വിജയ് നന്ദി പറഞ്ഞു. ജനങ്ങള്‍ക്കും തനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച കുട്ടികള്‍ക്കും വിജയ് നന്ദി പറഞ്ഞു. മതേതരമായ സര്‍ക്കാരാണ് അധികാരത്തിലേല്‍ക്കുന്നതെന്നും പുതിയ ഭരണവും പുതിയ യുഗവുമാണ് പിറക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആര്‍പ്പുവിളികളോടെയാണ് വിജയ് യുടെ വാക്കുകളെ ആരാധകര്‍ ഏറ്റെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page