ബെംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാര്‍ഷികാഘോഷത്തിലും സ്ഥാപകന്‍ ശ്രീ.ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണ് മോദി ബെംഗളൂരുവിലെത്തിയത്. പരിപാടിയുടെ പ്രധാന വേദിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ നിന്നാണു സ്‌ഫോടക വസ്തു കണ്ടെത്തിയത്. കഗ്ഗലിപുരയിലെ താത്തഗുനിക്ക് സമീപത്ത് നിന്ന് രണ്ട് ജലാസ്റ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോരമംഗലയ്ക്കു സമീപത്തുനിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എച്ച്.എ.എല്‍ വിമാനത്താവളത്തിന്റെയും ആര്‍ട്ട് ഓഫ് ലിവിങ് സെന്ററിന്റെയും പരിസരത്ത് സ്ഫോടനം നടക്കുമെന്ന് ഇയാള്‍ രാവിലെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും വിമാനത്താവളത്തിനു സമീപം സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ജലാറ്റിന്‍ സ്റ്റിക് കണ്ടെത്തിയത്. പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. മുന്‍പും വിഐപികള്‍ എത്തുന്ന സമയത്ത് ഇയാള്‍ ഇത്തരത്തില്‍ സ്‌ഫോടനം നടക്കുമെന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണോ ഇയാളെന്നും പൊലീസ് അന്വേഷിക്കും.സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ സ്ഥലം സന്ദര്‍ശിച്ചു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.







