ലക്‌നൗ: നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. 22കാരിയായ മോണിക നഗറാണ് മരിച്ചത്. 2026 ഫെബ്രുവരി 17 ന് ആയിരുന്നു മോണിക്കയുടെ വിവാഹം. അനൂജ് ചൗഹാന്‍ എന്നയാളെയാണ് മോണിക്ക വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കോടതി ഇടപെടലിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്‍പാണ് മോണിക്കയുടെ മരണം.
മരണത്തിന് പിന്നില്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മോണിക്കയുടെ പേരില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ടെന്നും ഇത് സ്വന്തമാക്കാനായി ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മകളെ കൊലപ്പെടുത്തിയെന്നുമാണ് യുവതിയുടെ കുടുംബം പറയുന്നത്. ഇതുസംബന്ധിച്ച കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മോണിക്കയെ യുവാവും വീട്ടുകാരും വഞ്ചിക്കുകയായിരുന്നെന്നും വിവാഹത്തിന് ശേഷം മകളുടെ പേരിലുള്ള സ്വത്തുക്കളെല്ലാം ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയെന്നും കുടുംബം ആരോപിക്കുന്നു. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ മോണിക്കയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കാന്‍ തുടങ്ങി. സ്വത്തിന് വേണ്ടിയാണ് അനൂജ് മോണിക്കയെ വിവാഹം ചെയ്തതെന്ന് മോണിക്കയുടെ സഹോദരന്‍ അനില്‍ പറഞ്ഞു.
കഴിഞ്ഞദിവസം മോണിക്ക വീട്ടിലേക്ക് വിളിച്ച് അനൂജും കുടുംബവും തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും സ്വത്തുക്കള്‍ അവരുടെ പേരിലേക്ക് മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. അതിന് തയാറായില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മോണിക്ക പറഞ്ഞിരുന്നു. ഇതറിഞ്ഞതോടെ അമ്മ മോണിക്കയുടെ അടുത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ വീടിന് ചുറ്റും ആള്‍ക്കൂട്ടമായിരുന്നു.
അതിനിടയിലൂടെ മോണിക്കയെ അനൂജ് കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ആശുപത്രിയിലെത്തിയപ്പോഴേക്കും മോണിക്ക മരിച്ചിരുന്നു. തിരികെ പോകുകയായിരുന്ന അനൂജിന്റെ വാഹനം തടയാന്‍ അമ്മ ശ്രമിച്ചപ്പോള്‍ അവര്‍ അമ്മയെ ആക്രമിക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്ന് അനില്‍ പറയുന്നു.
സംഭവത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കിയിട്ടുണ്ട്.







