മൈസൂരു: ബാര്‍ബര്‍ ഷോപ്പിലെ കസേരയില്‍ ഇരുന്ന് മുടിവെട്ടിയശേഷം കണ്ണാടിയില്‍ സൗന്ദര്യം ആസ്വദിക്കുന്ന കുരങ്ങന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചാമരാജ് നഗര്‍ സന്തേമാരഹള്ളി ഗ്രാമത്തിലെ ദേവരാജുവിന്റെ ബാര്‍ബര്‍ ഷോപ്പാണു കുരങ്ങന്‍ എത്തിയത്. പിന്നാലെ കസേരയില്‍ കയറി മുന്നിലെ കണ്ണാടിയില്‍ സൗന്ദര്യം ആസ്വദിച്ചിരുന്നു.
ഇതിനിടെ ദേവരാജ് കുരങ്ങന്റെ തലയില്‍ മസാജ് ചെയ്തു. മസാജ് ആസ്വദിച്ചുകൊണ്ട് കുരങ്ങന്‍ ഉറങ്ങിപ്പോയി. പിന്നീടു കത്രിക ഉപയോഗിച്ചു മുടി വെട്ടാന്‍ ആംഗ്യം കാണിച്ചു. തുടര്‍ന്നു ദേവരാജ് കുരങ്ങന്റെ മുടി മുറിച്ചു ഭംഗിയാക്കി. വീണ്ടും കണ്ണാടിയില്‍ നോക്കി സൗന്ദര്യം പരിശോധിച്ച കുരങ്ങന്‍ അവിടെ നിന്ന് മടങ്ങി. കടയിലുണ്ടായിരുന്ന ദേവരാജിന്റെ സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ കൊണ്ടുതന്നെ വീഡിയോ വൈറലായി.







