കാസർകോട്: ചികിത്സയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് 47 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട്ടെ ഡോ. പി കൃഷ്ണനെ(78)യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 1 വർഷം 6മാസം അധിക തടവും അനുഭവിക്കണം. 2020 ജൂൺ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരി കാലിന് അസുഖം വന്നതിനെത്തുടർന്ന് ചികിത്സക്കായി ഡോ. കൃഷ്ണന്റെ പെരിയയിലെ ക്ലിനിക്കിൽ എത്തിയിരുന്നു. പരിശോധനയ്ക്കിടെ ഡോക്ടർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
ബേക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഐ പി ആയിരുന്ന പി നാരായണനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഐ പി ആയ നിസാമുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.







