കുമ്പള : കുമ്പള പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിലെ കാന്റീനിലെ മലിനജലം അടുത്ത വീട്ടുകാരുടെ മുറ്റത്ത് കുളം പോലെ കെട്ടിക്കിടക്കുന്നു. മാത്രമല്ല പരിസരപ്രദേശങ്ങളിലെ വഴികളിൽ ആകെ മലിനജലം കുത്തിയൊഴുകുകയാണെന്നു നാട്ടുകാർ പരാതിപ്പെട്ടു. ഇതുമൂലം നാട്ടുകാർക്ക് വീട്ടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു.മലിനജലത്തിന്റെ ദുർഗന്ധം മൂലം വീട്ടിനുള്ളിൽ ഇരിക്കാനും കഴിയാത്ത സ്ഥിതിയാണ് പഞ്ചായത്ത് ഉണ്ടാക്കി വെച്ചിട്ടുള്ളതെന്നു നാട്ടുകാർ പരാതിപ്പെട്ടു. ഇതു സംബന്ധിച്ച് ഒരു വീട്ടുടമ കുമ്പള പഞ്ചായത്തിനും പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിനും പരാതി കൊടുത്തു. പഞ്ചായത്ത് ജീവനക്കാർ പരാതി വാങ്ങി ചുവപ്പുനാടയിൽ കെട്ടി മുറുക്കിവെച്ചു. കാന്റീനിലെ മലിനജലം നേരത്തെ ഒരു പൈപ്പിലൂടെ ഒഴുക്കി വിടുകയായിരുന്നു എന്ന് പറയുന്നു.

ഹോട്ടലിലെ മാലിന്യങ്ങൾ മൂലം പൈപ്പ് അടഞ്ഞതിനെ തുടർന്ന് മലിനജലം കടയ്ക്കുള്ളിൽ ഒഴുകാൻ തുടങ്ങിയതോടെ പൈപ്പ് മുറിച്ച് മാറ്റുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു . ഇതിനെ തുടർന്നാണ് മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്ത് കെട്ടിനിൽക്കാൻ തുടങ്ങിയതെന്ന് പരാതിയിൽ പറഞ്ഞു. രണ്ടാഴ്ചയോളമായി ആളുകൾ നടക്കുന്ന വഴിയിലൂടെ മലിനജലം നിറഞ്ഞൊഴുകുകയാണ്. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ഹോട്ടലുകാരനെയും പഞ്ചായത്തിനെയും നാട്ടുകാർ അറിയിച്ചു.എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അവർ പരാതിക്കാരെ സമാധാനിപ്പുകയായിരുന്നെന്നു പറയുന്നു. എന്നാൽ ശരിയാക്കൽ സന്ദേശം തങ്ങളെ ശരിയാക്കുമെന്നായിരുന്നെന്നു ഇപ്പോൾ തനിക്കു ബോധ്യമായെന്നു പരാതിക്കാരൻ പറഞ്ഞു. പഞ്ചായത്ത് ഓഫീസിലെ സ്ഥിതി ഇതാണെങ്കിൽ നാട്ടിൽ എവിടെയാണ് പഞ്ചായത്ത് ശുചിത്വം ഉണ്ടാക്കുന്നതെന്ന് പരാതിക്കാരനായ നിത്യാനന്ദ പൈ അധികൃതരോട് ആരായുന്നു.







