ഭരണപക്ഷത്തും പ്രതിപക്ഷത്തുമില്ലാതെ മമത; ശോഭന്‍ദേബ് ചതോപാധ്യായ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമില്ലാതെ ഇതാദ്യമായി മമത ബാനര്‍ജി. പ്രതിപക്ഷ നേതാവായി ബലിഗഞ്ച് എംഎല്‍എ ശോഭന്‍ദേബ് ചതോപാധ്യായയെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ധനേകാലി എംഎല്‍എ അസീമ പത്ര, ചൗരാംഗിയില്‍ നിന്നുള്ള അംഗം നയന ബന്ദേപാധ്യായ എന്നിവരെ പ്രതിപക്ഷ ഉപനേതാക്കളായും തെരഞ്ഞെടുത്തു.

കൊല്‍ക്കത്ത പോര്‍ട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഫിര്‍ഹാദ് ഹക്കീം ആണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായിരുന്നു ഹക്കീം. ബംഗാളിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പുതുതായി നിയമിതരായ നേതാക്കള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പില്‍ മമത പരാജയപ്പെട്ടു. പാര്‍ട്ടിക്ക് 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ചരിത്രത്തില്‍ ആദ്യമായി ബിജെപി ബംഗാളില്‍ അധികാരത്തിലേറുകയും ചെയ്തു. മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശനിയാഴ്ചയാണ് അധികാരത്തിലെത്തിയത്. 15 വര്‍ഷം തുടര്‍ച്ചയായി പശ്ചിമ ബംഗാളിന്റെ ഭരണം നടത്തിയശേഷമാണ് മുഖ്യമന്ത്രി പദത്തില്‍ നിന്ന് മമത പടിയിറങ്ങിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും രാജിവയ്ക്കാന്‍ തയാറാകാതിരുന്ന മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഒടുവില്‍ ഗവര്‍ണര്‍ പിരിച്ചുവിടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page