ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നടന്ന വെടിവെപ്പില്‍ 15 പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിലാണ് വെടിവയ്പ്പ് നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം പൊലീസ് ചെക്ക് പോസ്റ്റിലേക്ക് ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചാവേര്‍ ബോംബാക്രമണത്തിന് ശേഷം ആയുധധാരികളായ തീവ്രവാദികള്‍ സ്‌ഫോടനങ്ങളും വെടിവയ്പ്പും നടത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ബോംബാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി സിറ്റി പൊലീസ് മേധാവി സജ്ജാദ് ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രദേശത്ത് ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഇത് പ്രദേശവാസികളില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും തീവ്രവാദികള്‍ക്ക് അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘എല്ലാ ശ്രമങ്ങളും’ നടത്താന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. വടക്കന്‍ വസീറിസ്ഥാന്‍ ഗോത്ര ജില്ലയുടെ അതിര്‍ത്തിയിലുള്ള ബന്നു ഏറെക്കാലമായി അക്രമത്തിന്റെ കേന്ദ്രമാണ്, സാധാരണക്കാരും പ്രാദേശിക സുരക്ഷാ സേനയും അക്രമത്തിന് ഇരയാകുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.







