ചെന്നൈ: നടന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ. ഒപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സിനിമ രാഷ്ട്രീയ മേഖലകളിലുള്ളവരും പങ്കെടുത്തു.
രാഷ്ട്രീയ പരിചയം, യുവ പ്രാതിനിധ്യം, ജാതി സമവാക്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഒപ്പം നിന്ന വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും വിജയ് ശ്രമിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളിലൊന്ന് അണ്ണാഡിഎംകെയുടെ മുന്‍ നേതാവായ കെ.എ. സെങ്കോട്ടയ്യന്‍ ആണ്. മുന്‍ മുഖ്യമന്ത്രിമാരായ എംജിആര്‍, ജയലളിത എന്നിവരോടൊപ്പം ദശാബ്ദങ്ങളോളം പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്.
എടപ്പാടി പളനിസാമിയുടെ നേതൃത്വത്തെ ചോദ്യം ചെയ്തതിനും പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുക്കാത്തതിനെ വിമര്‍ശിച്ചതിനുമാണ് സെങ്കോട്ടയ്യനെ അണ്ണാഡിഎംകെയില്‍നിന്ന് പുറത്താക്കിയത്. പുതിയ സര്‍ക്കാരിന് ഭരണപരിചയവും രാഷ്ട്രീയ കരുത്തും പകരാനാണ് സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതിലൂടെ വിജയ് ലക്ഷ്യമിടുന്നത്.
വിജയ്യുടെ വിശ്വസ്തനായ ആദവ് അര്‍ജുനയാണ് മറ്റൊരു മന്ത്രി. ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തില്‍ നിന്നു വിജയിച്ച അര്‍ജുന, പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മധുരയിലെ തിരുപ്പരന്‍ കുണ്ട്രത്ത് നിന്നു വിജയിച്ച നിര്‍മല്‍ കുമാറും മന്ത്രിസഭയില്‍ ഉണ്ട്. മുന്‍ ബിജെപി ഭാരവാഹിയായിരുന്ന നിര്‍മല്‍ കുമാര്‍ പിന്നീട് തെക്കന്‍ തമിഴ്നാട്ടില്‍ ടിവികെയുടെ കരുത്തുറ്റ മുഖമായി മാറുകയായിരുന്നു. തഴേത്തട്ടില്‍ മികച്ച സ്വാധീനമുള്ള ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദ് സത്യപ്രതിജ്ഞ ചെയ്യും. ടി നഗര്‍ എംഎല്‍എയാണ്.
പ്രഭാഷണ കലയിലൂടെ ശ്രദ്ധേയനായ സിനിമ-ടെലിവിഷന്‍ താരം രാജ് മോഹന്‍, കാരൈകുടിയില്‍ നിന്ന് വിജയിച്ച ദന്തഡോക്ടര്‍ ഡോ. ടി.കെ. പ്രഭു, ജോലി രാജിവച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന ഡോക്ടര്‍. തിരുച്ചെങ്ങോട്ടില്‍ നിന്നാണ് വിജയിച്ചത്. മൈലാപ്പൂര്‍ എംഎല്‍എ പി. വെങ്കിട്ടരമണന്‍, വിരുദുനഗറില്‍നിന്ന് വിജയിച്ച കീര്‍ത്തന, ഇവര്‍ തമിഴ്നാട് രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ ഒരാളാണ്.







