കൊച്ചി: കാറോടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളം മഞ്ഞുമ്മല്‍ ദേവീകൃപയില്‍ രവീന്ദ്രന്‍ നായരുടെ മകന്‍ നിഥിന്‍ നായര്‍ (നിഥിന്‍ രവി- 49) ആണ് മരിച്ചത്. അരൂരില്‍ ദേശീയപാതയിലൂടെ കാര്‍ ഓടിച്ച് പോകുന്നതിനിടെ കഴിഞ്ഞദിവസമാണ് സംഭവം. ഹൃദയാഘാതം അനുഭവപ്പെട്ടതിന് പിന്നാലെ അരൂര്‍ ബൈപ്പാസ് ജങ്ഷന് തെക്ക് വശത്ത് കാര്‍ നിയന്ത്രണം തെറ്റി നിര്‍മാണത്തിലിരിക്കുന്ന മീഡിയനിലെ മണ്‍കൂനയിലേക്ക് ഇടിച്ച് കയറി നില്‍ക്കുകയായിരുന്നു.
ഓടിയെത്തിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടല്‍ ബിസിനസ് നടത്തിവരികയായിരുന്നു നിഥിന്‍. എറണാകുളത്ത് നിന്ന് ചേര്‍ത്തലയിലേക്ക് പോകുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ശ്രീദേവിയാണ് മാതാവ്. റോസ് നിഥിന്‍ ഭാര്യയും റിയ മകളുമാണ്.







