ചെന്നൈ: അഞ്ചുനാള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വിജയ് യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ ഉച്ച കഴിഞ്ഞ് 3.15 ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യും. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നിയമന ഉത്തരവ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിജയ്ക്ക് കൈമാറി. 108 സീറ്റില്‍ നിന്ന് 120 എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോണ്‍ഗ്രസിന് പിന്നാലെ വിസിലടിച്ച് ഇടത് പാര്‍ട്ടികളും വി.സി.കെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിജയ് യുടെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാകുന്നത്. കോണ്‍ഗ്രസിന്റെ – 5, ഇടതുപാര്‍ട്ടികളുടെ – 4, വി.സി.കെയുടെ -1, ലീഗിന്റെ – 2, എം.എല്‍.എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെ കേവല ഭൂരിപക്ഷമായ 118 ഉം കടന്ന് 120 ആയി ടി.വി.കെയുടെ അംഗബലം. അതേസമയം വിജയ് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലാണ് സി.പി.എമ്മും സി. പി.ഐയും. കോണ്‍ഗ്രസ് ചേര്‍ന്നാല്‍ ചേരുമെന്ന നിലപാടിലാണ് ലീഗ് എന്നാണ് സൂചന.







