നെടുങ്കണ്ടത്ത് മൂന്നാമത്തെ കൊലപാതകം? വീട്ടുപരിസരത്ത് നിന്ന് തലയോട്ടി കണ്ടെത്തി; കാണാതായ മാത്യുവിന്റേതെന്ന് സംശയം

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ സജിയുടെ വീട്ടുപരിസരത്ത് കഴിഞ്ഞദിവസം മണ്ണുമാറ്റി നടത്തിയ പരിശോധനയില്‍ തലയോട്ടിയും അസ്ഥിയും ജീര്‍ണിച്ച വസ്ത്രങ്ങളും കണ്ടെത്തി. എട്ടുവര്‍ഷം മുന്‍പു കാണാതായ പിതാവ് മാത്യുവിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാകാം ഇതെന്നാണ് പൊലീസിന്റെ സംശയം. മാത്യുവിനേയും സജി കൊലപ്പെടുത്തി കുഴിച്ചിരിക്കാമെന്നും പൊലീസ് പറയുന്നു. നേരത്തേ തൊഴുത്തിരുന്ന ഭാഗത്തുനിന്നു ലഭിച്ച അസ്ഥി ആയതിനാല്‍ പശുവിന്റേതാണോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.

മേരി (71), മൂത്ത മകന്‍ റെജി (54) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ കഴിഞ്ഞ മാസമാണു സജി അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഏപ്രില്‍ നാലിനാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്ന് സജി മെഴി നല്‍കിയിരുന്നു. കാണാതായ പിതാവിനെയും സജി കൊന്നു കുഴിച്ചുമൂടിയെന്ന സംശയത്തില്‍ കഴിഞ്ഞദിവസം പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് വീട്ടുപരിസരത്ത് പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ഇന്നലെ വിറകുപുരയോടു ചേര്‍ന്നുള്ള ഭാഗത്തു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അസ്ഥിയുടെ കഷണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയത്. പിന്നീടു സമീപത്തുതന്നെ നടത്തിയ തിരച്ചിലില്‍ തലയോട്ടിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി.

പാസ്റ്ററായിരുന്ന മാത്യുവിനെ (73) 2018 മേയ് അഞ്ചു മുതലാണു കാണായത്. സുവിശേഷ പ്രസംഗത്തിനായി മാറിനിന്നതാകുമെന്നും മകള്‍ സിനിയുടെ വീട്ടിലാകാമെന്നും കരുതി വീട്ടുകാര്‍ ആദ്യം പൊലീസിനെ വിവരം അറിയിച്ചിരുന്നില്ല. മേയ് ഒമ്പതിനാണ് സജിയുടെ സഹോദരന്‍ റെജി ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകള്‍ ജിജിക്ക് മരുന്നുവാങ്ങുന്നതിനു വേണ്ടി പോവുകയാണെന്നു പറഞ്ഞാണ് മാത്യു വീടുവിട്ടിറങ്ങിയതെന്നാണ് വിവരം. ആദ്യ കാലങ്ങളില്‍ പൊലീസ് കാര്യമായി അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് അന്വേഷണം നിലയ്ക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തില്‍ മറ്റു രണ്ടുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page