വലതുകണ്ണില്‍ നീര്‍ക്കെട്ടും വേദനയും: യുവതിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള പത്തു സെന്റീമീറ്റര്‍ നീളമുള്ള വിരയെ

തിരുവനന്തപുരം: യുവതിയുടെ കണ്ണില്‍ നിന്ന് ജീവനുള്ള പത്തു സെന്റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് തമിഴ്നാട് സ്വദേശിനിയായ മുപ്പത്തിയേഴുകാരിയുടെ കണ്ണില്‍ നിന്ന് വിരയെ പുറത്തെടുത്തത്. രണ്ട് ദിവസമായി വലതുകണ്ണില്‍ നീര്‍ക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് മാറ്റി.

തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിന്റെ നേര്‍ത്ത സുതാര്യമായ പാളിയായ കണ്‍ജങ്റ്റൈവയ്ക് അടിയില്‍ പത്തു സെന്റീമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തിയത്. ഒഫ്താല്‍മോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അസ്ഗര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കാഴ്ചയ്ക്ക് ഒട്ടും തകരാറില്ലാത്ത വിധം അതീവ ജാഗ്രതയോടെ വിരയെ വിജയകരമായി പുറത്തെടുത്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയവും ഇടപെടലും പ്രധാനമാണെന്ന് ഡോ. അസ്ഗര്‍ അബ്ബാസ് പറഞ്ഞു. അല്‍പ്പം വൈകിയിരുന്നെങ്കില്‍ കാഴ്ചശക്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മൃഗങ്ങളില്‍ പ്രധാനമായി നായ്ക്കളിലും പൂച്ചകളിലും കണ്ടുവരുന്ന ‘ഡൈറോ ഫൈലേറിയ’ എന്ന ഇനത്തില്‍പ്പെട്ട വിരയാണ് ഇതെന്ന് ഡോക്ടര്‍ പറഞ്ഞു. കൊതുകുകള്‍ വഴിയാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി മനുഷ്യശരീരത്തില്‍ ഇത്തരം വിരകള്‍ അതിജീവിക്കാറില്ലെങ്കിലും, അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ചര്‍മ്മത്തിനടിയിലോ കണ്ണിന് സമീപത്തോ ഇവ വളരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്ത്യയില്‍ വളരെ കുറഞ്ഞ കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിരയെ പുറത്തെടുത്തതോടെ യുവതിയുടെ വേദനയ്ക്കും അസ്വസ്ഥതയ്ക്കും ശമനമുണ്ടായി. നീര്‍ക്കെട്ട് കുറയാന്‍ ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page