ന്യൂഡല്‍ഹി : കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഇന്നും ഉണ്ടായില്ല. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും വൈകില്ലെന്നും യോഗത്തിനു ശേഷം നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം, കേരളത്തിലെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയാകാനുള്ള ലിസ്റ്റിലുള്ള മൂന്നു നേതാക്കളും സംയുക്ത പ്രഖ്യാപനം നടത്തി. ഖര്‍ഗെ, രാഹുല്‍ ഗാന്ധി, ദീപാ ദാസ് മുന്‍ഷി, എഐസിസിയുടെ നിരീക്ഷകര്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഇവര്‍ മൂന്നു നേതാക്കളുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഉജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. ചേരി തിരിഞ്ഞുള്ള പ്രചാരണങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നുണ്ട്. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കും. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും അത്തരം പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇന്നു രാത്രി തന്നെ നീക്കം ചെയ്യണം. തങ്ങള്‍ മൂന്നു പേര്‍ക്കും വേണ്ടിയാണ് കെപിസിസി അധ്യക്ഷന്റെ സാന്നിധ്യത്തില്‍ ഇത് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.പാര്‍ട്ടിയാണ് പരമപ്രധാനമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം അനുസരിച്ച് മുന്നോട്ടു പോകും. തന്റെയും സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്നത്തോടെ എല്ലാ വിഭാഗീയ പ്രവര്‍ത്തനങ്ങളും അവസാനിക്കുകയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതില്‍ തെറ്റില്ല. വച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്ത് മാറ്റണം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോടൊപ്പം നില്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് മുന്‍പില്‍ പാര്‍ട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാന്‍ നിലവിലെ സംഭവങ്ങള്‍ കാരണമായിട്ടുണ്ടെന്നും കെ സിയും ആര്‍ സിയും വി ഡിയും ഒന്നിച്ച് ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാവരും ഏക സ്വരത്തില്‍ അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.







